2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

നമസ്‌കരിപ്പൂ

നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ(നമസ്‌കരിപ്പൂ)

എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരധിഭാരതവിജയക്കൊടിനാട്ടാന്‍
ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)

ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
‍ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
‍വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)

ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
‍സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)

ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്‌
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)

മറഞ്ഞുപോയ്‌ നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ്‌ നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
‍യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)

മരിച്ചുപോയ്‌ നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)

അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.