അടിയന്തിരാവസ്ഥ
(അടിയന്തിരാവസ്ഥയുടെ സംക്ഷിപ്ത ചരിത്രം by KA Bha Surendran)
സ്വാതന്ത്ര്യാനന്തരം ഭാരതം ഭരിച്ച ജവഹർലാൽ നെഹ്റു പാശ്ചാത്യ വികസന -വിദ്യാഭ്യാസ കാര്യത്തിൽ ഭ്രമമുള്ള ആളായിരുന്നു. ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തിയ ഗുരുവിന്റെ ശിഷ്യൻ പക്ഷെ ഇന്ത്യയെ കണ്ടെത്താനേ ശ്രമിച്ചുള്ളൂ. ഭാരതത്തിന്റെ തനിമ എന്താണ്, ഭാരതത്തിന്റെ ജീവൻ എന്തിലാണ് തുടങ്ങിയ കാര്യങ്ങളിൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ ഊന്നൽ. പാശ്ചാത്യ ലോകം എന്തു ചിന്തിക്കുന്നു എന്നതിലായിരുന്നു ശ്രദ്ധ. അതിന്റെ ഏറ്റവും നല്ല തെളിവാണ് ഭാരതത്തിന്റെ പേര് ഭരണഘടനയിൽ പ്രഖ്യാപിക്കുമ്പോൾ "India that is Bharat" എന്ന് ചേർത്തത്. നാടിന്റെ സ്വന്തം വ്യക്തിത്വത്തിൽ വിശ്വാസമില്ലായിരുന്നു.
ഈ ആത്മവിശ്വാസമില്ലായ്മയും പാശ്ചാത്യ ഭ്രമവും സോഷ്യലിസ്റ്റ് സ്വപ്നവും കൂടി ആയപ്പോൾ കാര്യങ്ങൾ വേഗം തീരുമാനിക്കപ്പെട്ടു. റഷ്യൻ മോഡൽ പഞ്ചവത്സര പദ്ധതികൾ ഇറക്കുമതി ചെയ്തു. റഷ്യയുടെ ഇരുമ്പുമറക്കുള്ളിൽ എന്തു നടക്കുന്നു എന്നറിയാതെയായിരുന്നു എടുത്തുചാട്ടം.
വർഷങ്ങൾ ഏതാനും കഴിഞ്ഞപ്പോൾ ക്ഷാമവും പൂഴ്ത്തിവയ്പും വിലക്കയറ്റവും നിയന്ത്രണാതീതമായി. ഒപ്പം മറ്റു മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും ഒക്കെയായി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ആധിപത്യം ആയപ്പോഴേക്കും. അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളും ചൂഷണം ചെയ്ത് നെഹ്റു കുടുംബം തടിച്ചുകൊഴുത്തു.
ശ്രീമതി ഇന്ദിരയുടെ മകൻ സഞ്ജയ് മാരുതി ഉദ്യോഗ് ലിമിറ്റഡ് കൈക്കലാക്കി. ഭാരത പൗരത്വമില്ലാത്ത സോണിയ കമ്പനിയുടെ ഉന്നത സ്ഥാനം നിയമവിരുദ്ധമായി നേടി. എല്ലാത്തരം അഴിമതിയും വിലക്കയറ്റവും കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടി.
ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായി. അതിനെ മറികടക്കാൻ ഏറ്റവും വിലകെട്ട രാഷ്ട്രീയ തന്ത്രം ഇന്ദിര പുറത്തെടുത്തു. സ്വന്തം പാർട്ടിയെ രണ്ടു ഗ്രൂപ്പാക്കി. ഗ്രൂപ്പ് വഴക്ക് മൂർഛിച്ചു. ? ഒരു ഗ്രൂപ്പ് മറ്റേ ഗ്രൂപ്പിലുള്ള ഏതെങ്കിലും മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കും. തർക്കം മൂക്കുമ്പോൾ ആ മന്ത്രി രാജിവയ്ക്കുന്നതാകും ഏറ്റവും വലിയ പ്രശ്നം. രാജ്യം നേരിടുന്ന വലിയ ദുരിതങ്ങൾ ആരും ചർച്ച ചെയ്യാതാക്കും. ഇതായിരുന്നു അടവ്.
ഇതിനിടയിൽ അധികാര ദുർവിനിയോഗവും യാതൊരു മറയും കൂടാതെ നടത്തി. 1974ൽ ഡൽഹിയിൽ യൂത്ത് കോൺസ് സമ്മേളനം. വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഇങ്ങനെ, എല്ലാ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ. രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഇന്ദിരക്കും കുടുംബത്തിനും വേണ്ടി എന്ന നിലയായി.
സഹികെട്ട ജനങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. 1973 ലെ ബജറ്റു സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴികെ മറ്റെല്ലാ പ്രതിപക്ഷ കക്ഷികളും ബഹിഷ്ക്കരിച്ചു. ബീഹാറിൽ കലാലയ വിദ്യാർത്ഥികൾ "നവ നിർമാൺ സമിതി" ഉണ്ടാക്കി തെരുവിലിറങ്ങി. ശക്തമായ പ്രക്ഷോഭം. സമരം രൂക്ഷമായപ്പോൾ മർദ്ദനവും രൂക്ഷം. വിവിധയിടങ്ങളിൽ വെടിവയ്പുണ്ടായി. 43 പേർ മരിച്ചുവീണു. കലുഷമായ അന്തരീക്ഷത്തിൽ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി ഒരു കോൺഗ്രസ് മന്ത്രിസഭ രാജിവച്ചു. മുഖ്യമന്ത്രി ചിമൻ ഭായ് പട്ടേലായിരുന്നു കോൺഗ്രസ് നായകൻ. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു കൊണ്ട് കോൺഗ്രസ് തോറ്റു.
ബീഹാറിൽ വിദ്യാർത്ഥികൾ "ഛത്രം സംഘർഷസമിതി" എന്ന പേരിൽ സംഘടിച്ചു. പ്രതിഷേധം അതിശക്തം. 1974 മാർച്ച് 16ന് കളക്ടറേറ്റുകൾ ഘെരാവോ ചെയ്തു. കയറൂരി വിടപ്പെട്ട പോലീസ് വേട്ടനായ്ക്കളെപ്പോലെ കുട്ടികളെ ആക്രമിച്ചു. വെടിവയ്പിൽ ഏഴു പേർ മരിച്ചു. വിദ്യാർത്ഥികളും നാട്ടുകാരും പ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുക്കാൻ ലോക നായക് ജയപ്രകാശ് നാരായണനോട് അഭ്യർത്ഥിച്ചു. "ബീഹാറിന്റെ ഹൃദയത്തിൽ രക്തം സ്രവിക്കുന്നു" എന്നു പറഞ്ഞുകൊണ്ട് ജെ.പി.നേതൃത്വം ഏറ്റെടുത്തു. എങ്ങും നിരന്തര പ്രതിഷേധം. കോൺഗ്രസ് സർക്കാർ പ്രതിഷേധ ജാഥകൾ നിരോധിച്ചു. അതിനെ അതിലംഘിച്ചുകൊണ്ട് ജെ.പി.യുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചു. സർവ്വ വിലക്കുകളും മറികടന്ന് അഞ്ചുലക്ഷം പേർ ആ പ്രതിഷേധത്തിൽ പങ്കെടുത്തു. അതിൽ വച്ചാണ് ജയപ്രകാശ് നാരായണൻ "സമ്പൂർണ വിപ്ലവം" പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ സമര കാലത്തെ പോലെ വിദ്യാഭ്യാസ ബഹിഷ്ക്കരണത്തിന് ആഹ്വാനം മുഴക്കി. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കാമോ എന്ന ചോദ്യത്തിന് ചിലപ്പോൾ വിദ്യാഭ്യാസത്തെ
ക്കാൾ പ്രധാനമായ കാര്യവും ഉണ്ടാകാം എന്നായിരുന്നു ജെ.പി.യുടെ മറുപടി.
നിരോധനത്തെ വെല്ലുവിളിച്ചു കൊണ്ട് ഏപ്രിൽ 3 ന് പാറ്റ്നയിൽ വായ് മൂടിക്കെട്ടി ജാഥ നടത്തി. പോലീസ് അതിക്രമം വർദ്ധിച്ചു. നിരോധനംഏപ്രിൽ 12 ന് ഗയയിൽ നടത്തിയ പ്രതിഷേധത്തിനെതിരെ വെടിവച്ചു. എട്ടു പേർ മരണമടഞ്ഞു. ഒക്ടോബർ 3ന് ബീഹാർ ബന്ദ് പ്രഖ്യാപിച്ചു. പോലീസ് വെടിവയ്പ്, ഏഴ് മരണം. 1974 നവംമ്പർ 4ന് നിയമസഭാ പിക്കറ്റിംഗ്. മർദ്ദനം, അറസ്റ്റ്, വെടിവയ്പ്. നൂറിലേറെപ്പേർ മരിച്ചുവീണു.
ജനങ്ങളെ നേരിടാൻ പോലീസും പട്ടാളവും കൂടാതെ സഞ്ജയ് ബ്രിഗേഡ്, ഇന്ദിരാ ബ്രിഗേഡ് തുടങ്ങിയ ഗുണ്ടാപ്പകളെ ഉണ്ടാക്കി. എല്ലാം സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം.
ഇതിനിടയിൽ 1971 ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച ഇന്ദിരാഗാന്ധിക്കെതിരെ എതിർ സ്ഥാനാർത്ഥിയായ രാജ് നാരായൺ കേസ് കൊടുത്തിരുന്നു. ആ കേസിൽ അലഹബാദ് ഹൈക്കോടതി 1975 ജൂൺ 12ന് വിധി പ്രഖ്യാപിച്ചു. റായ്ബറേലി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ വിജയം റദ്ദാക്കി. മാത്രമല്ല ആറു വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
രാജ്യമെങ്ങും പ്രതിഷേധം. ഇന്ദിരയുടെ രാജിക്കായി കോൺഗ്രസിൽ തന്നെ കലാപം . നൂറിലേറെ കോൺഗ്രസ് എം.പി.മാർ രാജി ആവശ്യം ഉന്നയിച്ചു. ഇതിനെ അതിജീവിക്കാൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിക്ക് അനുകൂലമായി യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. സർക്കാർ സംവിധാനങ്ങളെല്ലാം ഇത്തരം കാര്യങ്ങൾക്ക് ദുരുപയോഗിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സഞ്ജയ് ഗാന്ധി സൂപ്പർ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു. ഡൽഹി കോർപ്പറേഷന്റെ വക ട്രാൻസ്പോർട്ട് - വൈദ്യുതി -ആരോഗ്യ വകുപ്പുകൾ ഇന്ദിരക്കു വേണ്ടിയുള്ള യോഗങ്ങൾ സംഘടിപ്പിക്കാൻ ഉപയോഗിച്ചു. സർക്കാർ ഉദ്യോഗസ്ഥന്മാരോട് പ്രകടനങ്ങളിൽ പങ്കെടുക്കാൻ കൽപ്പിച്ചു. മാറി നിന്നവരെ ശിക്ഷിച്ചു. ഇന്ദിരാഗാന്ധിയും കുടുംബവും വേദിയിൽ അണിനിരന്ന പരിപാടി ദൂരദർശൻ പ്രക്ഷേപണം ചെയ്യാതിരുന്നതിന്റെ പേരിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി ഐ.കെ.ഗുജ്റാളിനെ പുറത്താക്കി.
നാടെങ്ങും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചു. 1975 ജൂൺ 25 ന് ദേശീയ പ്രതിഷേധ ദിനമായി പ്രഖ്യാപിച്ചു. ജൂൺ 29ന് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരാ ഗാന്ധി നൽകിയ അപ്പീലിൽ സുപ്രീം കോടതി ജൂൺ 24ന് വിധി പറഞ്ഞു. ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത നാളുകൾ വരച്ചു ചേർത്ത വിധി പുറപ്പെടുവിച്ചയാൾ ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യർ ആയിരുന്നു. ഹൈക്കോടതി വിധി ശരിവച്ചു കൊണ്ട് ഇനിരാഗാന്ധി ഇനിമേൽ എം.പി. അല്ല, എന്നാൽ മറ്റൊരു വിധി വരുന്നതുവരെ പ്രധാനമന്ത്രിയായി തുടരാം എന്നായിരുന്നു ചരിത്രപരമായ മണ്ടത്തരം എന്നു വിശേഷിപ്പിക്കാവുന്ന ഇടക്കാല വിധി.
ഇതിനപ്പുറം ഒരവസരം കിട്ടാനില്ലാത്തതു കൊണ്ട് 1975 ജൂൺ 25 രാത്രി 11.45ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാർലമെന്റിൽ ചർച്ച ചെയ്ത് പാസാക്കിയ പ്രഖ്യാപനത്തിലാണ് രാഷട്രപതി ഒപ്പിടേണ്ടത് എന്നറിയാവുന്ന ഫക്രുദീൻ അലി അഹമ്മദ് ഇതൊന്നും നോക്കാതെ ഒരു റബർ സ്റ്റാമ്പു കണക്കെ ഇന്ദിരാഗാന്ധി കൊടുത്ത കടലാസിൽ ഇരുട്ടിനെ സാക്ഷിനിർത്തി വിറച്ചുകൊണ്ട് തുല്യം ചാർത്തി. (പിന്നീട് യു.പി.എയുടെ കാലത്തും ഇത്തരം റബർ സ്റ്റാമ്പുകളെ രാഷ്ട്രപതിയായും പ്രധാനമന്ത്രിയായും കോൺഗ്രസ് അവരോധിച്ചിട്ടുണ്ട് ). 25ന് രാത്രി തന്നെ
വാജ്പേയ്, അദ്വാനി അടക്കം മിക്കവാറും മുഴുവൻ പ്രതിപക്ഷ നേതാക്കളെയും അറസ്റ്റു ചെയ്തു ജയിലിലാക്കി. 1975 ജൂൺ 26 പിറന്നു വീണത് അന്ധകാരത്തിലേക്കും അടിമത്തത്തിലേക്കുമായിരുന്നു.
ഭാഗം 2
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് കോൺഗ്രസ് നിരത്തിയ ന്യായീകരണങ്ങൾ വിചിത്രവും പരിഹാസ്യവുമായിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേ പറഞ്ഞത്, "കോൺഗ്രസ് വിഘടിച്ചാൽ ഇന്ത്യ വിഘടിക്കും, കോൺഗ്രസ് നശിച്ചാൽ ഇന്ത്യ നശിക്കും' കോൺഗ്രസ്സിന്റെ ഭാവി ദുർബ്ബലമായാൽ ഇന്ത്യയുടെ ഭാവി ദുർബലമാകും " എന്നായിരുന്നു. എന്നു വച്ചാൽ കോൺഗ്രസ് ആണ് ഭാരതം! കോൺഗ്രസിന്റെ അധ്യക്ഷൻ ഡി.കെ.ബറുവ അങ്ങേയറ്റത്തെ പടിയിൽ എത്തി നിന്നുകൊണ്ട് പറഞ്ഞു '' ഇന്ത്യക്ക് പ്രതിപക്ഷമില്ലാതെ പ്രവർത്തിക്കാൻ കഴിയും. ഇന്ത്യയുടെ ചരിത്രത്തിൽ പ്രതിപക്ഷം അപ്രസക്തമാകും." ഇതെല്ലാം കേട്ട് കോൺഗ്രസുകാർ രാജ്യം മുഴുവൻ പാടി നടന്നത് " ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ " എന്നായിരുന്നു.
ഇതിലും വിചിത്രമായിരുന്നു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി
എസ്.എ. ഡാങ്കേയുടെ വിശദീകരണം. " വലതു പിന്തിരിപ്പൻ ഫാസിസ്റ്റു ശക്തികൾ അധികാരം പിടിച്ചെടുക്കാൻ നടത്തിയ പൈശാചിക ശ്രമത്തെ മുൻകൂട്ടി പരാജയപ്പെടുത്താൻ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിലൂടെ സാധിച്ചു. " ഭാരതം എന്നൊക്കെ ആപത്തിൽ അകപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ കമ്മ്യൂണിസ്റ്റു പാർട്ടി ശത്രുപക്ഷത്തായിരുന്നു എന്നതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ നിലപാട്. ചിത്രകാരൻ എം.എഫ്.ഹുസൈൻ ഇന്ദിരയെ ദുർഗയുടെ രൂപത്തിൽ ചിത്രീകരിച്ചു.
അടിയന്തിരാവസ്ഥയുടെ തുടർ നടപടിയായി പത്രസ്വാതന്ത്യം നിഷേധിച്ചു. പൊതു വാർത്താ ഏജൻസികളായിരുന്ന യു.എൻ.ഐ., പി.ടി.ഐ. തുടങ്ങിയവ കണ്ടു കെട്ടി. സമാചാർ എന്ന പേരിൽ പുതിയ ഏജൻസി തുടങ്ങി. എതിർത്ത പത്രങ്ങളെ നിരോധിച്ചു. കേസരി ആഴ്ചപ്പതിപ്പും ജന്മഭൂമി ദിനപത്രവും നിരോധിച്ചവയിൽ പെടും.
ദേശാഭിമാനിയും മലയാള മനോരമയും മറ്റും നിരോധിക്കപ്പെടാത്തവയുടെ ഗണത്തിലും.
ഭരണഘടന ഇന്ദിരാഗാന്ധിക്ക് തോന്നിയപോലെ ഭേദഗതി ചെയ്തു. അതനുസരിച്ച് ഒരു കേസിന്റെ പേരിലും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാൻ പാടില്ല. പ്രധാനമന്ത്രി ആകുന്നതിനു മുമ്പും ശേഷവും ഉള്ള കാര്യങ്ങൾ പോലും അന്വേഷണ പരിധിയിൽ വരാൻ പാടില്ല. മതേതര രാജ്യം എന്നതും അപ്പോൾ എഴുതിച്ചേർത്തതാണ്. നാട്ടുകാർക്ക് കൊള്ളരുതാത്തതൊക്കെ ഇന്ദിരാഗാന്ധിക്ക് കൊള്ളാവുന്നതായി മാറി. നെഹ്റു കുടുംബത്തോട് അനുസരണയും അടിമത്ത മനസ്ഥിതിയും കാണിക്കാത്ത ജഡ്ജിമാരെ പിരിച്ചുവിട്ടു. ചെറിയ അശ്രദ്ധ കാണിച്ചവരെ തരംതാഴ്ത്തി. അടിമകളായ ജഡ്ജിമാരെ ഉയർന്ന പീoങ്ങളിൽ കുടിയിരുത്തി.
ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാം. വിചാരണ കൂടാതെ ജയിലിലടക്കാം. കരിനിയമങ്ങൾ അതിനായി ചമച്ചു. Maintenance of Internal Security Act (MISA), Difence India Rule (DIR) തുടങ്ങിയവയുടെ പേരിൽ വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉള്ളവരെ മുഴുവൻ കല്ലറക്കുള്ളിൽ അടച്ചു. രണ്ടേ രണ്ട് സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന കോൺഗ്രസ് ഇതര സർക്കാരുകളെ പിരിച്ചുവിട്ടു - ഗുജറാത്തും തമിഴ്നാടുമായിരുന്നു അവ.
അവിടെയും അവസാനിച്ചില്ല നെഹ്രു കുടുംബത്തിന്റെ കടുംകൈകൾ. 1948 ൽ ഗാന്ധി വധത്തെ തുടർന്ന് ജവഹർലാൽ നെഹ്രു ചെയ്തതുപോലെ Rss വിരുദ്ധ പ്രചാരണം ആരംഭിച്ചു ഇന്ദിരാഗാന്ധി. 1975 ഡിസംബർ 31 ന് നടന്ന AICC യോഗത്തിൽ ന്യൂനപക്ഷ സെല്ലുകൾ ഉണ്ടാക്കി' അവയുടെ പ്രത്യേകം യോഗം നടത്തി. " ആർ.എസ്.എസ്സിനെ കരുതിയിരിക്കണം. അത് എല്ലായിടത്തും വ്യാപിച്ച് അണ്ടർ ഗ്രൗണ്ട് പ്രവർത്തനം നടത്തുകയാണ്. അങ്ങനെ എന്തെങ്കിലും കണ്ടാൽ സർക്കാരിനെ അറിയിക്കാൻ വൈകരുത്.". ക്രിസ്ത്യൻ-മുസ്ലീം വിഭാഗങ്ങളിലെ തീവ്രവാദ വിഭാഗങ്ങളെ ഹിന്ദുക്കൾക്കെതിരെ തിരിച്ചുവിട്ട് വർഗീയത വളർത്താനുള്ള കോൺഗ്രസ് പാരമ്പര്യം കൂടുതൽ ശക്തമായി ഇന്ദിര ഉപയോഗിച്ചു.
അടിയന്തിരാവസ്ഥ എന്ന ഇന്ദിരാഗാന്ധിയുടെ ദുർഭൂതത്തെ നേരിടാൻ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചു. അതിൽ കമ്മ്യൂണിസ്റ്റുകൾ ചേർന്നില്ല. ആന്തരികമായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ബലത്തിൽ മറ്റ് ബഹുഭൂരിപക്ഷം കക്ഷികളും ലോക സംഘർഷസമിതിയുടെ കീഴിൽ അണിനിരന്നു. മൊറാർജി ദേശായി അധ്യക്ഷനും RSS പ്രചാരകൻ നാനാജി ദേശ്മുഖ് സെക്രട്ടറിയുമായി. അവർ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അശോക് മേത്ത അധ്യക്ഷനും രവീന്ദ്രവർമ്മ സെക്രട്ടറിയുമായ
ി. കേരളത്തിൽ ചുക്കാൻ പിടിച്ചത് അധ്യക്ഷനായ പ്രൊഫ.എം.പി.മന്മഥനും സെക്രട്ടറിയായ ശ്രീ.കെ.രാമൻപിള്ളയും ആയിരുന്നു.
കേരളത്തിൽ അടിയന്തിരാവസ്ഥ -ക്കെതിരായ സത്യഗ്രഹത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് ആദ്യം കെ.രാമൻപിള്ളയും പിന്നീട് എം.പി.മന്മഥനും കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചെങ്കിലും
പാർട്ടി സമരത്തിൽ പങ്കാളിയായില്ല. രാമൻപിള്ളയ കാണാൻ കൂടി തയ്യാറായില്ല കമ്മ്യൂണിസ്റ്റ് നേതാവ് . കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം നിലക്ക് സമരം നടത്തുമെന്ന് നമ്പൂതിരിപ്പാട് മന്മഥൻ സാറിനോട് നുണ പറയുകയും ചെയ്തു.
സത്യഗ്രഹത്തിനു മുന്നൊരുക്കം എന്ന നിലയിൽ ഭാരതമെമ്പാടും അണ്ടർ ഗ്രൗണ്ട് പ്രവർത്തനം ആരംഭിച്ചു. വിപുലമായ പ്രവർത്തന ശൃംഖല ഉണ്ടാക്കി.പ്രമുഖ നേതാക്കൾക്ക് രഹസ്യ നാമം കൽപ്പിച്ചു. വിവിധ വേഷങ്ങളിലും രൂപത്തിലും ഭാവം പകർന്നു. ഒളി പ്രവർത്തനം നടത്തുന്നവർക്കുള്ള രഹസ്യരേഖക്ക് സുദർശനം എന്ന പേരിട്ടു. ജയിലുകളിൽ കഴിയുന്നവർക്ക് വിവരം രഹസ്യമായി എത്തിക്കുന്നതിന് cellular എന്ന പേരിൽ രേഖകൾ വിതരണം നടത്തി. പൊതുജനങ്ങളുടെ ഇടയിൽ വിതരണം ചെയ്യാൻ കുരുക്ഷേത്രം എന്ന പേരിൽ ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും സമാനമായ പ്രവർത്തനവും പ്രസിദ്ധീകരണവും സജ്ജീകരിച്ചു.
തയ്യാറെടുപ്പുകൾ അവിടെയും അവസാനിച്ചില്ല. വിദേശങ്ങളിൽ വിവിധ തരം പ്രചാരണ പ്രവർത്തനത്തിനുള്ള സംഘാടനം നടത്തി. Friends of India Society എന്ന പേരിൽ വിവിധ രാജ്യങ്ങളിൽ അറുപത് ശാഖകൾ തുടങ്ങി. അമേരിക്കയിൽ Indian Association of Democracy, ഇംഗ്ലണ്ടിൽ Free J P Campaign, ഇവ കൂടാതെ Alliance Against Fascist Dictatorship in India എന്ന പേരിലും വേദികൾ ഉണ്ടാക്കി. വിദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഡോ: സുബ്രഹ്മണ്യം സ്വാമി, ജോർജ് ഫെർണാണ്ടസ്, രാം ജഠ്മലാനി തുടങ്ങിയവർ പുറത്തു കടന്നു.
പരസ്യമായി സത്യഗ്രഹം നടത്താൻ പോകുന്ന കാര്യം ഇന്ദിരാഗാന്ധിയെയും സംസ്ഥാന സർക്കാരുകളെയും മുൻകൂറായി അറിയിച്ചു. 1975 നവംബർ 14 ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനം മുതൽ ജനുവരി 26 റിപ്പബ്ലിക് ദിനം വരെയായിരുന്നു സത്യഗ്രഹത്തിനു നിശ്ചയിച്ചിരുന്നത്. ഓരോ ആഴ്ചയിലും ജില്ല -താലൂക്ക് കേന്ദ്രങ്ങൾ കൂടാതെ പറ്റാവുന്നത്ര പഞ്ചായത്ത് കേന്ദ്രങ്ങളിലുമാണ് സമരം നടത്താൻ നിശ്ചയിച്ചത്. ഓരോ സത്യഗ്രഹിയും പത്തു രൂപ സമരസമിതിക്ക് അങ്ങോട്ടു കൊടുത്തുകൊണ്ടു വേണമായിരുന്നു സമരത്തിൽ പങ്കു ചേരാൻ. ലോകത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത ഒരേർപ്പാടായിരുന്നു അടികൊള്ളാൻ പണം കൊടുക്കുക എന്നത്. കൂടാതെ പ്രതിജ്ഞയും എടുക്കണം. "
നമ്മുടെ പവിത്ര ദേശത്തിൽ അസത്യം, അന്യായം, മർദ്ദനം എന്നിവക്കെതിരായി തുടങ്ങിയിട്ടുള്
ള ധർമ്മയുദ്ധത്തിൽ ഞാൻ സന്തോഷത്തോടെ സ്വമനസാലെ ഭാഗഭാക്കാവുന്നു. പൂർണമായ അക്രമരാഹിത്യം പാലിച്ചുകൊണ്ട് സർവ്വവിപത്തുകളും കഷ്ടപ്പാടുകളും സധൈര്യം നേരിടുവാൻ ഞാൻ തയ്യാറാണ്. സർവ്വശക്തനായ ജഗദീശ്വരനെയും നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയെയും സാക്ഷിയാക്കി ഞാൻ ഈ പ്രതിജ്ഞ ചെയ്യുന്നു."
രാജ്യം മുഴുവൻ ഗാന്ധിജിയുടെ ബാഡ്ജു കുത്തി പൂർണമായും അഹിംസാ മാർഗത്തിൽ സമരം നടത്തി. ഗാന്ധിജി സ്വയം നടത്തിയ ഏറ്റവും വലിയ അഹിംസാ സമരം നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരവും ക്വിറ്റിന്ത്യാ സമരവുമായിരുന്നു. എന്നാൽ അവ മൂന്നും അക്രമത്തിൽ കലാശിക്കുകയായിര
ുന്നു. അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ സമരമാകട്ടെ മുഴുവൻ ഭാരതത്തിലും ഒരൊറ്റ അക്രമസംഭവം പോലും ഉണ്ടാക്കാതെ വിജയിപ്പിക്കാൻ കഴിഞ്ഞു. സംഘാടനത്തിന്റെ മികവും ആദർശത്തിന്റെയും അച്ചടക്കത്തിന്റെയും ഗുണവും ആയിരുന്നു കാരണം.
രാജ്യം കണ്ടതിൽ വച്ച് ഏറ്റവും പ്രാകൃതമായ മർദ്ദനമുറകളായിരുന്നു ഇന്ദിരക്കും കോൺഗ്രസിനും വേണ്ടി പോലീസ് നടത്തിയത്. ഭീകരമർദ്ദനം ഏറ്റ നിരവധി പേർ ഇഞ്ചിഞ്ചായി മരിച്ചു. കേരളത്തിൽ മാത്രം 2000 ൽ അധികം പേർ ശാരീരികമായി തകർക്കപ്പെട്ടു. നാൽപ്പതു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കടുത്ത ശാരീരിക വൈകല്യവും രോഗവും കൊണ്ടു വലയുന്നവർ നിരവധിയാണ്. മുഖം കോടിപ്പോയവർ, നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒന്ന് ഇരിക്കാൻ പറ്റാത്തവർ, വൃഷണം മുറിച്ചു മാറ്റേണ്ടി വന്നവർ, പല്ല് മുഴുവൻ നീക്കം ചെയ്യേണ്ടി വന്നവർ, ദശാബ്ദങ്ങളോളം വികലാംഗർ ആയിപ്പോയവർ, കായികമായ ഒരു പണിയും ചെയ്യാൻ പറ്റാണ്ടായവർ - അങ്ങനെ നിരവധി പേർ ജീവിക്കുന്ന രക്തസാക്ഷികളുണ്ട്.
മർദ്ദനമുറകൾ മുമ്പെങ്ങും കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്തവയായിരുന്നു. ഉരുട്ടൽ, കെട്ടിത്തൂക്കി ഫാൻ പോലെ കറക്കൽ, നഗ്നരാക്കി പുറം തിരിച്ചു നിർത്തി കാലുകൾക്ക് ഇടയിലൂടെ കൈ പിറകോട്ട് ഇട്ട് പരസ്പരം വലിക്കൽ, വൃഷണവും ലിംഗവും ചേർത്തുപിടിച്ച് വലിച്ചിഴക്കൽ, നഗരത്തിലെ പെരുവഴിയിലെ അഴുക്കുചാലിൽ തല പിടിച്ചു മുക്കൽ, ചുവരെഴുത്തുകൾ നക്കിത്തുടപ്പിക്കൽ ഇങ്ങനെ ഇന്ദിരാഗാന്ധിയെയും കോൺഗ്രസുകാരായ ഗാന്ധിയന്മാരെയും സന്തോഷിപ്പിക്കാൻ പറ്റുന്ന എന്തു വൃത്തികേടും ചെയ്യാൻ പോലീസുകാർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഈ പീഡനങ്ങളെല്ലാം കണ്ടും കേട്ടും അഹിംസാവാദികളായ കോൺഗ്രസുകാർ ആഹ്ലാദം പൂണ്ടു.
രഹസ്യ സന്ദേശം പ്രവർത്തകർക്ക് കൈമാറുന്നതിൽ സ്ത്രീകളും കുട്ടികളും നിർണായക പങ്കു വഹിച്ചു. അമ്മമാർ എല്ലാ ഭീഷണികളെയും അവഗണിച്ച് ഒളിവിൽ താമസിക്കുന്നവർക്ക് മാസങ്ങളോളം വച്ചുവിളമ്പി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ രഹസ്യ കേന്ദ്രങ്ങളിൽ വൈദ്യന്മാരും അലോപ്പതി ഡോക്ടർമാരും പ്രതിഫലം പറ്റാതെ കാലങ്ങളോളം ചികിത്സിച്ചു. ഈ സന്ദർഭത്തിലെല്ലാം കമ്മ്യൂണിസ്റ്റു പാർട്ടി മാത്രം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. തുടക്കത്തിൽ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെയെല്ലാം അറസ്റ്റു ചെയ്ത കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 1975 ജൂലൈ 11 ന് ശേഷം പാർട്ടി നിശ്ശബ്ദതയുടെ കൂടാരത്തിൽ ഒളിച്ചു. ദേശാഭിമാനി പഞ്ചപുച്ഛമടക്കി നിന്നു. ഒറ്റപ്പെട്ട ഒന്നു രണ്ടു പ്രകടനം ഒഴിച്ചാൽ വേറൊന്നും ഇരുണ്ട നാളുകളിൽ അവർക്ക് ചെയ്യാൻ ഉണ്ടായിരുന്നില്ല. പയ്യന്നൂരിൽ 11 CPM കാർ പ്രകടനം നടത്തി, പോലീസ് വരുന്നതിന് മുന്നേ സ്ഥലം വിട്ടു. കൊല്ലത്ത് എട്ടും കോഴിക്കോട് 22 ഉം സോഷ്യലിസ്റ്റുകാ
ർ ഇതേപോലെ പ്രകടനം നടത്തി പോയി. ഇത് കഴിച്ചാൽ കേരളത്തിൽ നടത്തിയ മുഴുവൻ സമരവും ലോക സംഘർഷ സമിതിയുടെ പേരിൽ നടന്നതാണ്.
സമരത്തിന്റെ രൂക്ഷതയിലും പ്രതിപക്ഷത്തെ തകർക്കാൻ പറ്റാഞ്ഞതിന്റെ നിരാശയിലും ഇന്ദിര തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ നിർബ്ബന്ധിതയായി. RSS ന്റെ എതിർപ്പ് ഒഴിവാക്കാൻ ഇന്ദിരാഗാന്ധി വൃഥാ ശ്രമം നടത്താതിരുന്നില്ല. തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഒഴിഞ്ഞു നിന്നാൽ സംഘത്തിനെതിരായ നിരോധനം നീക്കാമെന്നതായിരുന്നു വാഗ്ദാനം. നാഗ്പൂരിൽ
സർ കാര്യവാഹ് ശ്രീ. മാധവറാവു മൂളേയുടെ അടുത്തേക്കാണ് സന്ദേശവാഹകനെ അയച്ചത്. മൂളേജി അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു. കാരണം കോഴിയെ രക്ഷിച്ചുകൊള്ളാമെന്ന കുറുക്കന്റെ വാഗ്ദാനമായിരുന്നു അത്.
തെരഞ്ഞെടുപ്പു നടന്നു. ശ്രീമതി ഇന്ദിരാഗാന്ധി അധികാരത്തിന്റെ സിംഹാസനത്തിൽ നിന്നും തൂത്തെറിയപ്പെട്
ടു. 1977 മാർച്ച് 21 ന് മൊറാർജി ദേശായി അടിയന്തിരാവസ്ഥ പിൻവലിച്ചു.
ബ്രിട്ടീഷ് ഭരണത്തെക്കഴിഞ്ഞും ബീഭത്സവും വ്യാപകവുമായിരുന്ന അടിമത്തത്തെ വലിച്ചെറിയാൻ നടത്തിയ ഐതിഹാസിക പോരാട്ടത്തിൽ പക്ഷെ പ്രഖ്യാപിത വിപ്ലവകാരികളോ ബുദ്ധിജീവികളോ സാംസ്കാരിക നായകരോ വിരലിലെണ്ണാവുന്ന ചിലരൊഴിച്ചാൽ കാര്യമായി ആരും ഉണ്ടായിരുന്നില്ല. ദൈനന്ദിന രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്ന് സർവ്വസാധാരണക്കാരായ വ്യക്തികളിൽ രാഷ്ട്ര ഭക്തിയും ദേശീയബോധവും സൃഷ്ടിച്ചു കൊണ്ടിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു ദേശസുരക്ഷയുടെ വൻമതിൽ തീർത്തത്. അതൊരു പാoവും സൂചനയുമായിരുന്നു. രാഷ്ട്രം ആപത്തിൽ അകപ്പെടുമ്പോൾ പ്രഖ്യാപിത രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ ആയിരിക്കില്ല നാടിന്റെ കാവലാളാവുക. പ്രത്യുത അന്ത:ക്കരണത്തിൽ ദേശഭക്തിയും നാടിനുവേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധരുമായ രാഷ്ട്ര ഭക്തർക്കേ കഴിയൂ എന്നതിന്റെ തെളിവായിരുന്നു അടിയന്തിരാവസ്ഥ. നിസ്വാർത്ഥതയാണ് അളവുകോൽ. ആദർശമാണ് ഉരകല്ല്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് നേതാവും സമരനായകനുമായിരുന്ന ശ്രീ.
എ.കെ.ഗോപാലൻ ഇങ്ങനെ പറഞ്ഞത് : " ഇന്നോളം ഞാനെത്രയോ കർഷകത്തൊഴിലാളി സമരങ്ങൾ നയിച്ചിട്ടുണ്ട്. പതിനായിരങ്ങൾ അത്തരമവസരങ്ങളിൽ എന്നെ അനുഗമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എന്നെ അനുഗമിക്കാൻ ധൈര്യമുള്ള പത്താളില്ല എന്നത് ദുഃഖകരമായിരിക്കുന്നു. ഇതെന്തുകൊണ്ട് സംഭവിച്ചു? ഇതിനു മുമ്പ് സമരത്തിനിറങ്ങിയവർ സ്വാർത്ഥലാഭത്താൽ പ്രേരിതരായിരുന്നു. അടിയന്തിരാവസ്ഥക്കെതിരായ സമരത്തിൽ നിന്ന് ഒന്നും സ്വന്തമായി നേടാനില്ല. ഇത്തരം സന്ദർഭങ്ങളിൽ ഉന്നതമായ ആദർശ ബോധമുള്ളവർ മാത്രമേ പോരാട്ടത്തിനു തയ്യാറാകൂ."