2018, ജൂൺ 21, വ്യാഴാഴ്‌ച

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകവും RSSഉം

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകവും RSSഉം

സംഘ സ്വയംസേവകരുടെ പരിശ്രമം കൊണ്ട് കിട്ടിയ അമൂല്യ നിധിയാണ് ഭാരതത്തിന്റെ തെക്കെയറ്റത്ത്, മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ഭൂമിയിലെ ഏക സ്ഥലം - കന്യാകുമാരി വിവേകാനന്ദ സ്മാരക കേന്ദ്രം

സൂര്യോദയവും, അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ, കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം.

കരയിൽ നിന്ന് രണ്ടര ഫർലോങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ, ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്. 1892 ൽ സ്വാമി വിവേകാനന്ദൻ ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു . ആ ധ്യാനത്തിലാണ് സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും തുടർന്ന് ചിക്കഗൊയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ഒരു പതിറ്റാണ്ടോളം സ്വാമിജിയുടെ സമാധി വരെ നീണ്ടു . ഇന്ന് അവിടെ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഗംഭീരമായ ഒരു വിവേകാനന്ദ സ്മാരകമുണ്ട്.

കന്യാകുമാരിയുടെ മുഖമുദ്രയായ ആ സമുദ്ര സ്മാരകത്തിന് രോമാഞ്ചദായകമായ ഒരു ചരിത്രമുണ്ട്. പലർക്കും ദഹിക്കാത്ത ഒരു ചരിത്രം. പലരും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചരിത്രം. അത് രചിച്ചവർക്ക് കൊട്ടിഘോഷിക്കാൻ താത്പര്യമില്ലാത്ത ചരിത്രം.

തമിഴ്നാട്ടിലെ കന്യാകുമാരി പ്രദേശം ലാറ്റിൻ കത്തോലിക്ക വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അവിടുത്തെ മത്സ്യത്തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്. തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സഭയുടെ സ്വാധീനം വളരെ നിർണായകമാണ്. 1963 സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വർഷമായിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ ഒരു മർമപ്രധാനമായ സ്ഥലം എന്ന നിലയിൽ കടലിലെ പാറയിൽ ഒരു സ്മാരകം പണിയണം എന്നുള്ള രീതിയിലുള്ള ചർച്ചകൾ ശ്രീരാമകൃഷ്ണ മിഷനിൽ സജീവമായി. അത് ക്രമേണ സമൂഹത്തിലും ചർച്ചാവിഷയമായി. ഈ സംരംഭം നടന്നാൽ അത് തങ്ങളുടെ സ്വാധീനത്തിന് ഭീഷണിയാകും എന്ന് ഭയന്ന സഭ, ഇത് കന്യാകുമാരിയല്ല കന്യകാമേരിയാണെന്ന് വാദിച്ച് കൊണ്ട് സംഘടിത ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ ശ്രമത്തോടെ ശ്രീ പാദപ്പാറയിൽ ഒരു കുരിശ് സ്ഥാപിച്ചു. ഒരു കാരണവശാലും ഇനി അവിടം കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഗൂഡാലോചാനയായിരുന്നു അത്.

പാറയിൽ കുരിശ് വന്നതോടെ കാര്യങ്ങൾ സങ്കീർണമായി. എത്രയും വേഗം ആ കുരിശ് നീക്കം ചെയ്തില്ലങ്കിൽ വിവേകാനന്ദ സ്മാരകം സ്വപ്നമായി അവശേഷിക്കും എന്ന് മനസ്സിലാക്കിയപ്പോൾ ആർഎസ്എസ് ദൗത്യം എറ്റെടുത്തു. കോഴിക്കോട് വെള്ളയിൽ കടപ്പുറം ശാഖയിലെ ലക്ഷ്മണനും മറ്റ് പതിമൂന്ന് സ്വയം സേവകരുമാണ് അതീവ സാഹസികമായ ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടത്. കടലിനോട് മല്ലടിച്ച് കടലിന്റെ മനശാസ്ത്രം നന്നായി അറിയുന്ന ലക്ഷ്മണനും കൂട്ടരും അങ്ങനെ കന്യാകുമാരിയിലേക്ക് തിരിച്ചു. നൂറുകണക്കിന് എതിരാളികളോട് മത്സരിച്ച് ഈ ദൗത്യം നിർവഹിക്കാൻ ലക്ഷ്മണനടക്കം പതിനഞ്ചു പേർ. ഇരുളിന്റെ മറവിൽ പാറയിലേക്ക് തുഴഞ്ഞ് അവർ കുരിശ് തകർത്തു. നേരം വെളുത്തപ്പോഴാണ് പള്ളി വിവരമറിയുന്നത്. സംഘടിച്ചെത്തിയ ക്രിസ്ത്യാനികൾ പാറയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു. നൂറു കണക്കിന് മുക്കുവർ വള്ളങ്ങളുമായി പാറക്കു കാവൽ നിന്നു. അടുത്ത വെളുപ്പാൻ കാലത്ത് കാവൽക്കാർ അൽപമൊന്ന് അലസിയതിന്റെ പഴുതിലൂടെ ലക്ഷ്മണനും കൂട്ടരും വീണ്ടും പാറയിൽ എത്തി കുരിശ് കടലിലെറിഞ്ഞു. രോഷാകുലരായ എതിരാളികൾ ആക്രമിച്ചപ്പോൾ ലക്ഷ്മണനും സംഘവും കടലിൽ ചാടി കരയിലേക്ക് നീന്തി രക്ഷപെട്ടു. സാഹചര്യം സങ്കീർണമായപ്പോൾ കളക്ടറും ആർഡിഒയും ഇടപെട്ടു നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്റ്റാറ്റസ് കോ നിലനിർത്താൻ ഉത്തരവായി. അതോടെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള ശ്രമം അവസാനിച്ചു.

പക്ഷേ വിവേകാനന്ദ സ്മാരകം എന്നത് അപ്പോഴും ഒരു വിദൂര സ്വപ്നം തന്നയായിരുന്നു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഭക്തവൽസലത്തിനു സഭയെ പിണക്കുന്ന ഒരു കാര്യവും ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ആരും പിന്തുണക്കാനില്ലാതെ വിവേകാനന്ദ സ്മാരകം ജലരേഖയാകുമോ എന്ന് കരുതിയിരിക്കുമ്പോൾ ആർഎസ്എസ് സർകാര്യവാഹായിരുന്ന എകനാഥ് റാനഡെയെ സംഘം ദൗത്യം എല്പിച്ചു. അതുല്യ സംഘാടകനായ റാനഡെ ഭാരതം മുഴുവൻ സഞ്ചരിച്ച് പിന്തുണ സമാഹരിച്ചു. പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചു. ജനസംഘത്തിനു നാമമാത്ര പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന പാർലമെന്റിൽ മുന്നൂറിലധികം എം.പി മാരുടെ പിന്തുണ റാനഡേയുടെ സംഘടനാ സാമർത്ഥ്യം കൊണ്ട് ലഭിച്ചു. ഭക്ത വല്‍‌സലത്തിനും പിന്നെ രക്ഷയുണ്ടായില്ല. എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ കേന്ദ്രത്തിനു സംഭാവന നൽകിയപ്പോൾ, ഒരു മതഭ്രാന്തന്റെ സ്മാരകത്തിന് നൽകാൻ ചില്ലിക്കാശ് പോലുമില്ല എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയും ഭാരതത്തിലുണ്ടായിരുന്നു. സ്വാമിജി ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി സാക്ഷാൽ ഇഎംഎസ്.

അങ്ങിനെ 1968 ഡിസംബറിൽ പണിതുടങ്ങിയ ശ്രീപാദപ്പാറയിലെ സ്മാരകം 1970 ൽ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിനു സമർപ്പിച്ചു. ഏകനാഥ് റാനഡെ കന്യാകുമാരിയിൽ തന്നെ വിവേകാനന്ദ കേന്ദ്രത്തിന്റെ നടത്തിപ്പും വികസനവുമൊക്കയായി ശിഷ്ടകാലം കഴിച്ച് 1982 ആ ധന്യ ജീവിതം അവസാനിച്ചു.

1962 ലെ ദൌത്യത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് പേരിൽ ലക്ഷ്മണൻ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ആ ദൗത്യത്തിന്റെ അസൂത്രണവും ചുക്കാനും പിടിച്ച ആർ.ഹരിയേട്ടൻ ഇപ്പോഴും എറണാകുളം സംസ്ഥാന കാര്യാലയത്തിൽ സംഘ കാര്യങ്ങളുമായി സജീവമാണ്. ഭാരതത്തിന്റെ മഹാനായ വിശ്വപൌരനുള്ള ഗുരുദക്ഷിണയായി ഈ ഘനഗംഭീരമായ സ്മാരകം നിർമ്മിച്ച ആര്‍‌എസ്‌എസ് പതിവ് പോലെ ഒരു ആർഭാടങ്ങളും ഇല്ലാതെ തങ്ങളുടെ കർമഭൂമിയിലെക്ക് മടങ്ങി.

ഇന്ന് കന്യാകുമാരി ഭാരതത്തിലെ എറ്റവും വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സര്‍ക്കാരിന് കോടികളുടെ വരുമാനവും. പതിനായിരങ്ങളുടെ ഉപജീവനവും. കന്യാകുമാരിയിലെത്തുന്ന ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട ഈ ചരിത്രം പക്ഷെ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമാണ്.

കടപ്പാട് .ജന്മഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.