2018, ജൂൺ 26, ചൊവ്വാഴ്ച

അടിയന്തിരാവസ്ഥ

(അടിയന്തിരാവസ്ഥയുടെ സംക്ഷിപ്ത ചരിത്രം by  KA Bha Surendran)

സ്വാതന്ത്ര്യാനന്തരം ഭാരതം ഭരിച്ച ജവഹർലാൽ നെഹ്റു പാശ്ചാത്യ വികസന -വിദ്യാഭ്യാസ കാര്യത്തിൽ ഭ്രമമുള്ള ആളായിരുന്നു. ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തിയ ഗുരുവിന്റെ ശിഷ്യൻ പക്ഷെ ഇന്ത്യയെ കണ്ടെത്താനേ ശ്രമിച്ചുള്ളൂ. ഭാരതത്തിന്റെ തനിമ എന്താണ്, ഭാരതത്തിന്റെ ജീവൻ എന്തിലാണ് തുടങ്ങിയ കാര്യങ്ങളിൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ ഊന്നൽ. പാശ്ചാത്യ ലോകം എന്തു ചിന്തിക്കുന്നു എന്നതിലായിരുന്നു ശ്രദ്ധ. അതിന്റെ ഏറ്റവും നല്ല തെളിവാണ് ഭാരതത്തിന്റെ പേര് ഭരണഘടനയിൽ പ്രഖ്യാപിക്കുമ്പോൾ "India that is Bharat" എന്ന് ചേർത്തത്. നാടിന്റെ സ്വന്തം വ്യക്തിത്വത്തിൽ വിശ്വാസമില്ലായിരുന്നു.
ഈ ആത്മവിശ്വാസമില്ലായ്മയും പാശ്ചാത്യ ഭ്രമവും സോഷ്യലിസ്റ്റ് സ്വപ്നവും കൂടി ആയപ്പോൾ കാര്യങ്ങൾ വേഗം തീരുമാനിക്കപ്പെട്ടു. റഷ്യൻ മോഡൽ പഞ്ചവത്സര പദ്ധതികൾ ഇറക്കുമതി ചെയ്തു. റഷ്യയുടെ ഇരുമ്പുമറക്കുള്ളിൽ എന്തു നടക്കുന്നു എന്നറിയാതെയായിരുന്നു എടുത്തുചാട്ടം.
വർഷങ്ങൾ ഏതാനും കഴിഞ്ഞപ്പോൾ ക്ഷാമവും പൂഴ്ത്തിവയ്പും വിലക്കയറ്റവും നിയന്ത്രണാതീതമായി. ഒപ്പം മറ്റു മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും ഒക്കെയായി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ആധിപത്യം ആയപ്പോഴേക്കും. അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളും ചൂഷണം ചെയ്ത് നെഹ്റു കുടുംബം തടിച്ചുകൊഴുത്തു.

ശ്രീമതി ഇന്ദിരയുടെ മകൻ സഞ്ജയ് മാരുതി ഉദ്യോഗ് ലിമിറ്റഡ് കൈക്കലാക്കി. ഭാരത പൗരത്വമില്ലാത്ത സോണിയ കമ്പനിയുടെ ഉന്നത സ്ഥാനം നിയമവിരുദ്ധമായി നേടി. എല്ലാത്തരം അഴിമതിയും വിലക്കയറ്റവും കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടി.
ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായി. അതിനെ മറികടക്കാൻ ഏറ്റവും വിലകെട്ട രാഷ്ട്രീയ തന്ത്രം ഇന്ദിര പുറത്തെടുത്തു. സ്വന്തം പാർട്ടിയെ രണ്ടു ഗ്രൂപ്പാക്കി. ഗ്രൂപ്പ് വഴക്ക് മൂർഛിച്ചു. ? ഒരു ഗ്രൂപ്പ് മറ്റേ ഗ്രൂപ്പിലുള്ള ഏതെങ്കിലും മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കും. തർക്കം മൂക്കുമ്പോൾ ആ മന്ത്രി രാജിവയ്ക്കുന്നതാകും ഏറ്റവും വലിയ പ്രശ്നം. രാജ്യം നേരിടുന്ന വലിയ ദുരിതങ്ങൾ ആരും ചർച്ച ചെയ്യാതാക്കും. ഇതായിരുന്നു അടവ്.

ഇതിനിടയിൽ അധികാര ദുർവിനിയോഗവും യാതൊരു മറയും കൂടാതെ നടത്തി. 1974ൽ ഡൽഹിയിൽ യൂത്ത് കോൺസ് സമ്മേളനം. വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഇങ്ങനെ, എല്ലാ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ. രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഇന്ദിരക്കും കുടുംബത്തിനും വേണ്ടി എന്ന നിലയായി.
സഹികെട്ട ജനങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. 1973 ലെ ബജറ്റു സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴികെ മറ്റെല്ലാ പ്രതിപക്ഷ കക്ഷികളും ബഹിഷ്ക്കരിച്ചു. ബീഹാറിൽ കലാലയ വിദ്യാർത്ഥികൾ "നവ നിർമാൺ സമിതി" ഉണ്ടാക്കി തെരുവിലിറങ്ങി. ശക്തമായ പ്രക്ഷോഭം. സമരം രൂക്ഷമായപ്പോൾ മർദ്ദനവും രൂക്ഷം. വിവിധയിടങ്ങളിൽ വെടിവയ്പുണ്ടായി. 43 പേർ മരിച്ചുവീണു. കലുഷമായ അന്തരീക്ഷത്തിൽ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി ഒരു കോൺഗ്രസ് മന്ത്രിസഭ രാജിവച്ചു. മുഖ്യമന്ത്രി ചിമൻ ഭായ് പട്ടേലായിരുന്നു കോൺഗ്രസ് നായകൻ. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു കൊണ്ട് കോൺഗ്രസ് തോറ്റു.

ബീഹാറിൽ വിദ്യാർത്ഥികൾ "ഛത്രം സംഘർഷസമിതി" എന്ന പേരിൽ സംഘടിച്ചു. പ്രതിഷേധം അതിശക്തം. 1974 മാർച്ച് 16ന് കളക്ടറേറ്റുകൾ ഘെരാവോ ചെയ്തു. കയറൂരി വിടപ്പെട്ട പോലീസ് വേട്ടനായ്ക്കളെപ്പോലെ കുട്ടികളെ ആക്രമിച്ചു. വെടിവയ്പിൽ ഏഴു പേർ മരിച്ചു. വിദ്യാർത്ഥികളും നാട്ടുകാരും പ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുക്കാൻ ലോക നായക് ജയപ്രകാശ് നാരായണനോട് അഭ്യർത്ഥിച്ചു. "ബീഹാറിന്റെ ഹൃദയത്തിൽ രക്തം സ്രവിക്കുന്നു" എന്നു പറഞ്ഞുകൊണ്ട് ജെ.പി.നേതൃത്വം ഏറ്റെടുത്തു. എങ്ങും നിരന്തര പ്രതിഷേധം. കോൺഗ്രസ് സർക്കാർ പ്രതിഷേധ ജാഥകൾ നിരോധിച്ചു. അതിനെ അതിലംഘിച്ചുകൊണ്ട് ജെ.പി.യുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചു. സർവ്വ വിലക്കുകളും മറികടന്ന് അഞ്ചുലക്ഷം പേർ ആ പ്രതിഷേധത്തിൽ പങ്കെടുത്തു. അതിൽ വച്ചാണ് ജയപ്രകാശ് നാരായണൻ "സമ്പൂർണ വിപ്ലവം" പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ സമര കാലത്തെ പോലെ വിദ്യാഭ്യാസ ബഹിഷ്ക്കരണത്തിന് ആഹ്വാനം മുഴക്കി. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കാമോ എന്ന ചോദ്യത്തിന് ചിലപ്പോൾ വിദ്യാഭ്യാസത്തെ
ക്കാൾ പ്രധാനമായ കാര്യവും ഉണ്ടാകാം എന്നായിരുന്നു ജെ.പി.യുടെ മറുപടി.
നിരോധനത്തെ വെല്ലുവിളിച്ചു കൊണ്ട് ഏപ്രിൽ 3 ന് പാറ്റ്നയിൽ വായ് മൂടിക്കെട്ടി ജാഥ നടത്തി. പോലീസ് അതിക്രമം വർദ്ധിച്ചു. നിരോധനംഏപ്രിൽ 12 ന് ഗയയിൽ നടത്തിയ പ്രതിഷേധത്തിനെതിരെ വെടിവച്ചു. എട്ടു പേർ മരണമടഞ്ഞു. ഒക്ടോബർ 3ന് ബീഹാർ ബന്ദ് പ്രഖ്യാപിച്ചു. പോലീസ് വെടിവയ്പ്, ഏഴ് മരണം. 1974 നവംമ്പർ 4ന് നിയമസഭാ പിക്കറ്റിംഗ്. മർദ്ദനം, അറസ്റ്റ്, വെടിവയ്പ്. നൂറിലേറെപ്പേർ മരിച്ചുവീണു.

ജനങ്ങളെ നേരിടാൻ പോലീസും പട്ടാളവും കൂടാതെ സഞ്ജയ് ബ്രിഗേഡ്, ഇന്ദിരാ ബ്രിഗേഡ് തുടങ്ങിയ ഗുണ്ടാപ്പകളെ ഉണ്ടാക്കി. എല്ലാം സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം.
ഇതിനിടയിൽ 1971 ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച ഇന്ദിരാഗാന്ധിക്കെതിരെ എതിർ സ്ഥാനാർത്ഥിയായ രാജ് നാരായൺ കേസ് കൊടുത്തിരുന്നു. ആ കേസിൽ അലഹബാദ് ഹൈക്കോടതി 1975 ജൂൺ 12ന് വിധി പ്രഖ്യാപിച്ചു. റായ്ബറേലി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ വിജയം റദ്ദാക്കി. മാത്രമല്ല ആറു വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
രാജ്യമെങ്ങും പ്രതിഷേധം. ഇന്ദിരയുടെ രാജിക്കായി കോൺഗ്രസിൽ തന്നെ കലാപം . നൂറിലേറെ കോൺഗ്രസ് എം.പി.മാർ രാജി ആവശ്യം ഉന്നയിച്ചു. ഇതിനെ അതിജീവിക്കാൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിക്ക് അനുകൂലമായി യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. സർക്കാർ സംവിധാനങ്ങളെല്ലാം ഇത്തരം കാര്യങ്ങൾക്ക് ദുരുപയോഗിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സഞ്ജയ് ഗാന്ധി സൂപ്പർ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു. ഡൽഹി കോർപ്പറേഷന്റെ വക ട്രാൻസ്പോർട്ട് - വൈദ്യുതി -ആരോഗ്യ വകുപ്പുകൾ ഇന്ദിരക്കു വേണ്ടിയുള്ള യോഗങ്ങൾ സംഘടിപ്പിക്കാൻ ഉപയോഗിച്ചു. സർക്കാർ ഉദ്യോഗസ്ഥന്മാരോട് പ്രകടനങ്ങളിൽ പങ്കെടുക്കാൻ കൽപ്പിച്ചു. മാറി നിന്നവരെ ശിക്ഷിച്ചു. ഇന്ദിരാഗാന്ധിയും കുടുംബവും വേദിയിൽ അണിനിരന്ന പരിപാടി ദൂരദർശൻ പ്രക്ഷേപണം ചെയ്യാതിരുന്നതിന്റെ പേരിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി ഐ.കെ.ഗുജ്റാളിനെ പുറത്താക്കി.
നാടെങ്ങും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചു. 1975 ജൂൺ 25 ന് ദേശീയ പ്രതിഷേധ ദിനമായി പ്രഖ്യാപിച്ചു. ജൂൺ 29ന് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരാ ഗാന്ധി നൽകിയ അപ്പീലിൽ സുപ്രീം കോടതി ജൂൺ 24ന് വിധി പറഞ്ഞു. ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത നാളുകൾ വരച്ചു ചേർത്ത വിധി പുറപ്പെടുവിച്ചയാൾ ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യർ ആയിരുന്നു. ഹൈക്കോടതി വിധി ശരിവച്ചു കൊണ്ട് ഇനിരാഗാന്ധി ഇനിമേൽ എം.പി. അല്ല, എന്നാൽ മറ്റൊരു വിധി വരുന്നതുവരെ പ്രധാനമന്ത്രിയായി തുടരാം എന്നായിരുന്നു ചരിത്രപരമായ മണ്ടത്തരം എന്നു വിശേഷിപ്പിക്കാവുന്ന ഇടക്കാല വിധി.
ഇതിനപ്പുറം ഒരവസരം കിട്ടാനില്ലാത്തതു കൊണ്ട് 1975 ജൂൺ 25 രാത്രി 11.45ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാർലമെന്റിൽ ചർച്ച ചെയ്ത് പാസാക്കിയ പ്രഖ്യാപനത്തിലാണ് രാഷട്രപതി ഒപ്പിടേണ്ടത് എന്നറിയാവുന്ന ഫക്രുദീൻ അലി അഹമ്മദ് ഇതൊന്നും നോക്കാതെ ഒരു റബർ സ്റ്റാമ്പു കണക്കെ ഇന്ദിരാഗാന്ധി കൊടുത്ത കടലാസിൽ ഇരുട്ടിനെ സാക്ഷിനിർത്തി വിറച്ചുകൊണ്ട് തുല്യം ചാർത്തി. (പിന്നീട് യു.പി.എയുടെ കാലത്തും ഇത്തരം റബർ സ്റ്റാമ്പുകളെ രാഷ്ട്രപതിയായും പ്രധാനമന്ത്രിയായും കോൺഗ്രസ് അവരോധിച്ചിട്ടുണ്ട് ). 25ന് രാത്രി തന്നെ വാജ്പേയ്, അദ്വാനി അടക്കം മിക്കവാറും മുഴുവൻ പ്രതിപക്ഷ നേതാക്കളെയും അറസ്റ്റു ചെയ്തു ജയിലിലാക്കി. 1975 ജൂൺ 26 പിറന്നു വീണത് അന്ധകാരത്തിലേക്കും അടിമത്തത്തിലേക്കുമായിരുന്നു.

ഭാഗം 2

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് കോൺഗ്രസ് നിരത്തിയ ന്യായീകരണങ്ങൾ വിചിത്രവും പരിഹാസ്യവുമായിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേ പറഞ്ഞത്, "കോൺഗ്രസ് വിഘടിച്ചാൽ ഇന്ത്യ വിഘടിക്കും, കോൺഗ്രസ് നശിച്ചാൽ ഇന്ത്യ നശിക്കും' കോൺഗ്രസ്സിന്റെ ഭാവി ദുർബ്ബലമായാൽ ഇന്ത്യയുടെ ഭാവി ദുർബലമാകും " എന്നായിരുന്നു. എന്നു വച്ചാൽ കോൺഗ്രസ് ആണ് ഭാരതം! കോൺഗ്രസിന്റെ അധ്യക്ഷൻ ഡി.കെ.ബറുവ അങ്ങേയറ്റത്തെ പടിയിൽ എത്തി നിന്നുകൊണ്ട് പറഞ്ഞു '' ഇന്ത്യക്ക് പ്രതിപക്ഷമില്ലാതെ പ്രവർത്തിക്കാൻ കഴിയും. ഇന്ത്യയുടെ ചരിത്രത്തിൽ പ്രതിപക്ഷം അപ്രസക്തമാകും." ഇതെല്ലാം കേട്ട് കോൺഗ്രസുകാർ രാജ്യം മുഴുവൻ പാടി നടന്നത് " ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ " എന്നായിരുന്നു.

ഇതിലും വിചിത്രമായിരുന്നു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി എസ്.എ. ഡാങ്കേയുടെ വിശദീകരണം. " വലതു പിന്തിരിപ്പൻ ഫാസിസ്റ്റു ശക്തികൾ അധികാരം പിടിച്ചെടുക്കാൻ നടത്തിയ പൈശാചിക ശ്രമത്തെ മുൻകൂട്ടി പരാജയപ്പെടുത്താൻ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിലൂടെ സാധിച്ചു. " ഭാരതം എന്നൊക്കെ ആപത്തിൽ അകപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ കമ്മ്യൂണിസ്റ്റു പാർട്ടി ശത്രുപക്ഷത്തായിരുന്നു എന്നതിന്റെ ഒരു ഉദാഹരണമായിരുന്നു ഈ നിലപാട്. ചിത്രകാരൻ എം.എഫ്.ഹുസൈൻ ഇന്ദിരയെ ദുർഗയുടെ രൂപത്തിൽ ചിത്രീകരിച്ചു.
അടിയന്തിരാവസ്ഥയുടെ തുടർ നടപടിയായി പത്രസ്വാതന്ത്യം നിഷേധിച്ചു. പൊതു വാർത്താ ഏജൻസികളായിരുന്ന യു.എൻ.ഐ., പി.ടി.ഐ. തുടങ്ങിയവ കണ്ടു കെട്ടി. സമാചാർ എന്ന പേരിൽ പുതിയ ഏജൻസി തുടങ്ങി. എതിർത്ത പത്രങ്ങളെ നിരോധിച്ചു. കേസരി ആഴ്ചപ്പതിപ്പും ജന്മഭൂമി ദിനപത്രവും നിരോധിച്ചവയിൽ പെടും. ദേശാഭിമാനിയും മലയാള മനോരമയും മറ്റും നിരോധിക്കപ്പെടാത്തവയുടെ ഗണത്തിലും.
ഭരണഘടന ഇന്ദിരാഗാന്ധിക്ക് തോന്നിയപോലെ ഭേദഗതി ചെയ്തു. അതനുസരിച്ച് ഒരു കേസിന്റെ പേരിലും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാൻ പാടില്ല. പ്രധാനമന്ത്രി ആകുന്നതിനു മുമ്പും ശേഷവും ഉള്ള കാര്യങ്ങൾ പോലും അന്വേഷണ പരിധിയിൽ വരാൻ പാടില്ല. മതേതര രാജ്യം എന്നതും അപ്പോൾ എഴുതിച്ചേർത്തതാണ്. നാട്ടുകാർക്ക് കൊള്ളരുതാത്തതൊക്കെ ഇന്ദിരാഗാന്ധിക്ക് കൊള്ളാവുന്നതായി മാറി. നെഹ്റു കുടുംബത്തോട് അനുസരണയും അടിമത്ത മനസ്ഥിതിയും കാണിക്കാത്ത ജഡ്ജിമാരെ പിരിച്ചുവിട്ടു. ചെറിയ അശ്രദ്ധ കാണിച്ചവരെ തരംതാഴ്ത്തി. അടിമകളായ ജഡ്ജിമാരെ ഉയർന്ന പീoങ്ങളിൽ കുടിയിരുത്തി.
ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാം. വിചാരണ കൂടാതെ ജയിലിലടക്കാം. കരിനിയമങ്ങൾ അതിനായി ചമച്ചു. Maintenance of Internal Security Act (MISA), Difence India Rule (DIR) തുടങ്ങിയവയുടെ പേരിൽ വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉള്ളവരെ മുഴുവൻ കല്ലറക്കുള്ളിൽ അടച്ചു. രണ്ടേ രണ്ട് സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന കോൺഗ്രസ് ഇതര സർക്കാരുകളെ പിരിച്ചുവിട്ടു - ഗുജറാത്തും തമിഴ്നാടുമായിരുന്നു അവ.
അവിടെയും അവസാനിച്ചില്ല നെഹ്രു കുടുംബത്തിന്റെ കടുംകൈകൾ. 1948 ൽ ഗാന്ധി വധത്തെ തുടർന്ന് ജവഹർലാൽ നെഹ്രു ചെയ്തതുപോലെ Rss വിരുദ്ധ പ്രചാരണം ആരംഭിച്ചു ഇന്ദിരാഗാന്ധി. 1975 ഡിസംബർ 31 ന് നടന്ന AICC യോഗത്തിൽ ന്യൂനപക്ഷ സെല്ലുകൾ ഉണ്ടാക്കി' അവയുടെ പ്രത്യേകം യോഗം നടത്തി. " ആർ.എസ്.എസ്സിനെ കരുതിയിരിക്കണം. അത് എല്ലായിടത്തും വ്യാപിച്ച് അണ്ടർ ഗ്രൗണ്ട് പ്രവർത്തനം നടത്തുകയാണ്. അങ്ങനെ എന്തെങ്കിലും കണ്ടാൽ സർക്കാരിനെ അറിയിക്കാൻ വൈകരുത്.". ക്രിസ്ത്യൻ-മുസ്ലീം വിഭാഗങ്ങളിലെ തീവ്രവാദ വിഭാഗങ്ങളെ ഹിന്ദുക്കൾക്കെതിരെ തിരിച്ചുവിട്ട് വർഗീയത വളർത്താനുള്ള കോൺഗ്രസ് പാരമ്പര്യം കൂടുതൽ ശക്തമായി ഇന്ദിര ഉപയോഗിച്ചു.

അടിയന്തിരാവസ്ഥ എന്ന ഇന്ദിരാഗാന്ധിയുടെ ദുർഭൂതത്തെ നേരിടാൻ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചു. അതിൽ കമ്മ്യൂണിസ്റ്റുകൾ ചേർന്നില്ല. ആന്തരികമായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ബലത്തിൽ മറ്റ് ബഹുഭൂരിപക്ഷം കക്ഷികളും ലോക സംഘർഷസമിതിയുടെ കീഴിൽ അണിനിരന്നു. മൊറാർജി ദേശായി അധ്യക്ഷനും RSS പ്രചാരകൻ നാനാജി ദേശ്മുഖ് സെക്രട്ടറിയുമായി. അവർ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അശോക് മേത്ത അധ്യക്ഷനും രവീന്ദ്രവർമ്മ സെക്രട്ടറിയുമായ
ി. കേരളത്തിൽ ചുക്കാൻ പിടിച്ചത് അധ്യക്ഷനായ പ്രൊഫ.എം.പി.മന്മഥനും സെക്രട്ടറിയായ ശ്രീ.കെ.രാമൻപിള്ളയും ആയിരുന്നു.

കേരളത്തിൽ അടിയന്തിരാവസ്ഥ -ക്കെതിരായ സത്യഗ്രഹത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് ആദ്യം കെ.രാമൻപിള്ളയും പിന്നീട് എം.പി.മന്മഥനും കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചെങ്കിലും
 പാർട്ടി സമരത്തിൽ പങ്കാളിയായില്ല. രാമൻപിള്ളയ കാണാൻ കൂടി തയ്യാറായില്ല കമ്മ്യൂണിസ്റ്റ് നേതാവ് . കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം നിലക്ക് സമരം നടത്തുമെന്ന് നമ്പൂതിരിപ്പാട് മന്മഥൻ സാറിനോട് നുണ പറയുകയും ചെയ്തു.
സത്യഗ്രഹത്തിനു മുന്നൊരുക്കം എന്ന നിലയിൽ ഭാരതമെമ്പാടും അണ്ടർ ഗ്രൗണ്ട് പ്രവർത്തനം ആരംഭിച്ചു. വിപുലമായ പ്രവർത്തന ശൃംഖല ഉണ്ടാക്കി.പ്രമുഖ നേതാക്കൾക്ക് രഹസ്യ നാമം കൽപ്പിച്ചു. വിവിധ വേഷങ്ങളിലും രൂപത്തിലും ഭാവം പകർന്നു. ഒളി പ്രവർത്തനം നടത്തുന്നവർക്കുള്ള രഹസ്യരേഖക്ക് സുദർശനം എന്ന പേരിട്ടു. ജയിലുകളിൽ കഴിയുന്നവർക്ക് വിവരം രഹസ്യമായി എത്തിക്കുന്നതിന് cellular എന്ന പേരിൽ രേഖകൾ വിതരണം നടത്തി. പൊതുജനങ്ങളുടെ ഇടയിൽ വിതരണം ചെയ്യാൻ കുരുക്ഷേത്രം എന്ന പേരിൽ ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും സമാനമായ പ്രവർത്തനവും പ്രസിദ്ധീകരണവും സജ്ജീകരിച്ചു.
തയ്യാറെടുപ്പുകൾ അവിടെയും അവസാനിച്ചില്ല. വിദേശങ്ങളിൽ വിവിധ തരം പ്രചാരണ പ്രവർത്തനത്തിനുള്ള സംഘാടനം നടത്തി. Friends of India Society എന്ന പേരിൽ വിവിധ രാജ്യങ്ങളിൽ അറുപത് ശാഖകൾ തുടങ്ങി. അമേരിക്കയിൽ Indian Association of Democracy, ഇംഗ്ലണ്ടിൽ Free J P Campaign, ഇവ കൂടാതെ Alliance Against Fascist Dictatorship in India എന്ന പേരിലും വേദികൾ ഉണ്ടാക്കി. വിദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഡോ: സുബ്രഹ്മണ്യം സ്വാമി, ജോർജ് ഫെർണാണ്ടസ്, രാം ജഠ്മലാനി തുടങ്ങിയവർ പുറത്തു കടന്നു.
പരസ്യമായി സത്യഗ്രഹം നടത്താൻ പോകുന്ന കാര്യം ഇന്ദിരാഗാന്ധിയെയും സംസ്ഥാന സർക്കാരുകളെയും മുൻകൂറായി അറിയിച്ചു. 1975 നവംബർ 14 ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനം മുതൽ ജനുവരി 26 റിപ്പബ്ലിക് ദിനം വരെയായിരുന്നു സത്യഗ്രഹത്തിനു നിശ്ചയിച്ചിരുന്നത്. ഓരോ ആഴ്ചയിലും ജില്ല -താലൂക്ക് കേന്ദ്രങ്ങൾ കൂടാതെ പറ്റാവുന്നത്ര പഞ്ചായത്ത് കേന്ദ്രങ്ങളിലുമാണ് സമരം നടത്താൻ നിശ്ചയിച്ചത്. ഓരോ സത്യഗ്രഹിയും പത്തു രൂപ സമരസമിതിക്ക് അങ്ങോട്ടു കൊടുത്തുകൊണ്ടു വേണമായിരുന്നു സമരത്തിൽ പങ്കു ചേരാൻ. ലോകത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത ഒരേർപ്പാടായിരുന്നു അടികൊള്ളാൻ പണം കൊടുക്കുക എന്നത്. കൂടാതെ പ്രതിജ്ഞയും എടുക്കണം. "നമ്മുടെ പവിത്ര ദേശത്തിൽ അസത്യം, അന്യായം, മർദ്ദനം എന്നിവക്കെതിരായി തുടങ്ങിയിട്ടുള്
ള ധർമ്മയുദ്ധത്തിൽ ഞാൻ സന്തോഷത്തോടെ സ്വമനസാലെ ഭാഗഭാക്കാവുന്നു. പൂർണമായ അക്രമരാഹിത്യം പാലിച്ചുകൊണ്ട് സർവ്വവിപത്തുകളും കഷ്ടപ്പാടുകളും സധൈര്യം നേരിടുവാൻ ഞാൻ തയ്യാറാണ്. സർവ്വശക്തനായ ജഗദീശ്വരനെയും നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയെയും സാക്ഷിയാക്കി ഞാൻ ഈ പ്രതിജ്ഞ ചെയ്യുന്നു."

രാജ്യം മുഴുവൻ ഗാന്ധിജിയുടെ ബാഡ്ജു കുത്തി പൂർണമായും അഹിംസാ മാർഗത്തിൽ സമരം നടത്തി. ഗാന്ധിജി സ്വയം നടത്തിയ ഏറ്റവും വലിയ അഹിംസാ സമരം നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരവും ക്വിറ്റിന്ത്യാ സമരവുമായിരുന്നു. എന്നാൽ അവ മൂന്നും അക്രമത്തിൽ കലാശിക്കുകയായിര
ുന്നു. അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ സമരമാകട്ടെ മുഴുവൻ ഭാരതത്തിലും ഒരൊറ്റ അക്രമസംഭവം പോലും ഉണ്ടാക്കാതെ വിജയിപ്പിക്കാൻ കഴിഞ്ഞു. സംഘാടനത്തിന്റെ മികവും ആദർശത്തിന്റെയും അച്ചടക്കത്തിന്റെയും ഗുണവും ആയിരുന്നു കാരണം.
രാജ്യം കണ്ടതിൽ വച്ച് ഏറ്റവും പ്രാകൃതമായ മർദ്ദനമുറകളായിരുന്നു ഇന്ദിരക്കും കോൺഗ്രസിനും വേണ്ടി പോലീസ് നടത്തിയത്. ഭീകരമർദ്ദനം ഏറ്റ നിരവധി പേർ ഇഞ്ചിഞ്ചായി മരിച്ചു. കേരളത്തിൽ മാത്രം 2000 ൽ അധികം പേർ ശാരീരികമായി തകർക്കപ്പെട്ടു. നാൽപ്പതു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കടുത്ത ശാരീരിക വൈകല്യവും രോഗവും കൊണ്ടു വലയുന്നവർ നിരവധിയാണ്. മുഖം കോടിപ്പോയവർ, നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒന്ന് ഇരിക്കാൻ പറ്റാത്തവർ, വൃഷണം മുറിച്ചു മാറ്റേണ്ടി വന്നവർ, പല്ല് മുഴുവൻ നീക്കം ചെയ്യേണ്ടി വന്നവർ, ദശാബ്ദങ്ങളോളം വികലാംഗർ ആയിപ്പോയവർ, കായികമായ ഒരു പണിയും ചെയ്യാൻ പറ്റാണ്ടായവർ - അങ്ങനെ നിരവധി പേർ ജീവിക്കുന്ന രക്തസാക്ഷികളുണ്ട്.
മർദ്ദനമുറകൾ മുമ്പെങ്ങും കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്തവയായിരുന്നു. ഉരുട്ടൽ, കെട്ടിത്തൂക്കി ഫാൻ പോലെ കറക്കൽ, നഗ്നരാക്കി പുറം തിരിച്ചു നിർത്തി കാലുകൾക്ക് ഇടയിലൂടെ കൈ പിറകോട്ട് ഇട്ട് പരസ്പരം വലിക്കൽ, വൃഷണവും ലിംഗവും ചേർത്തുപിടിച്ച് വലിച്ചിഴക്കൽ, നഗരത്തിലെ പെരുവഴിയിലെ അഴുക്കുചാലിൽ തല പിടിച്ചു മുക്കൽ, ചുവരെഴുത്തുകൾ നക്കിത്തുടപ്പിക്കൽ ഇങ്ങനെ ഇന്ദിരാഗാന്ധിയെയും കോൺഗ്രസുകാരായ ഗാന്ധിയന്മാരെയും സന്തോഷിപ്പിക്കാൻ പറ്റുന്ന എന്തു വൃത്തികേടും ചെയ്യാൻ പോലീസുകാർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഈ പീഡനങ്ങളെല്ലാം കണ്ടും കേട്ടും അഹിംസാവാദികളായ കോൺഗ്രസുകാർ ആഹ്ലാദം പൂണ്ടു.

രഹസ്യ സന്ദേശം പ്രവർത്തകർക്ക് കൈമാറുന്നതിൽ സ്ത്രീകളും കുട്ടികളും നിർണായക പങ്കു വഹിച്ചു. അമ്മമാർ എല്ലാ ഭീഷണികളെയും അവഗണിച്ച് ഒളിവിൽ താമസിക്കുന്നവർക്ക് മാസങ്ങളോളം വച്ചുവിളമ്പി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ രഹസ്യ കേന്ദ്രങ്ങളിൽ വൈദ്യന്മാരും അലോപ്പതി ഡോക്ടർമാരും പ്രതിഫലം പറ്റാതെ കാലങ്ങളോളം ചികിത്സിച്ചു. ഈ സന്ദർഭത്തിലെല്ലാം കമ്മ്യൂണിസ്റ്റു പാർട്ടി മാത്രം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. തുടക്കത്തിൽ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെയെല്ലാം അറസ്റ്റു ചെയ്ത കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 1975 ജൂലൈ 11 ന് ശേഷം പാർട്ടി നിശ്ശബ്ദതയുടെ കൂടാരത്തിൽ ഒളിച്ചു. ദേശാഭിമാനി പഞ്ചപുച്ഛമടക്കി നിന്നു. ഒറ്റപ്പെട്ട ഒന്നു രണ്ടു പ്രകടനം ഒഴിച്ചാൽ വേറൊന്നും ഇരുണ്ട നാളുകളിൽ അവർക്ക് ചെയ്യാൻ ഉണ്ടായിരുന്നില്ല. പയ്യന്നൂരിൽ 11 CPM കാർ പ്രകടനം നടത്തി, പോലീസ് വരുന്നതിന് മുന്നേ സ്ഥലം വിട്ടു. കൊല്ലത്ത് എട്ടും കോഴിക്കോട് 22 ഉം സോഷ്യലിസ്റ്റുകാ
ർ ഇതേപോലെ പ്രകടനം നടത്തി പോയി. ഇത് കഴിച്ചാൽ കേരളത്തിൽ നടത്തിയ മുഴുവൻ സമരവും ലോക സംഘർഷ സമിതിയുടെ പേരിൽ നടന്നതാണ്.
സമരത്തിന്റെ രൂക്ഷതയിലും പ്രതിപക്ഷത്തെ തകർക്കാൻ പറ്റാഞ്ഞതിന്റെ നിരാശയിലും ഇന്ദിര തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ നിർബ്ബന്ധിതയായി. RSS ന്റെ എതിർപ്പ് ഒഴിവാക്കാൻ ഇന്ദിരാഗാന്ധി വൃഥാ ശ്രമം നടത്താതിരുന്നില്ല. തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഒഴിഞ്ഞു നിന്നാൽ സംഘത്തിനെതിരായ നിരോധനം നീക്കാമെന്നതായിരുന്നു വാഗ്ദാനം. നാഗ്പൂരിൽ സർ കാര്യവാഹ് ശ്രീ. മാധവറാവു മൂളേയുടെ അടുത്തേക്കാണ് സന്ദേശവാഹകനെ അയച്ചത്. മൂളേജി അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു. കാരണം കോഴിയെ രക്ഷിച്ചുകൊള്ളാമെന്ന കുറുക്കന്റെ വാഗ്ദാനമായിരുന്നു അത്.
തെരഞ്ഞെടുപ്പു നടന്നു. ശ്രീമതി ഇന്ദിരാഗാന്ധി അധികാരത്തിന്റെ സിംഹാസനത്തിൽ നിന്നും തൂത്തെറിയപ്പെട്
ടു. 1977 മാർച്ച് 21 ന് മൊറാർജി ദേശായി അടിയന്തിരാവസ്ഥ പിൻവലിച്ചു.
ബ്രിട്ടീഷ് ഭരണത്തെക്കഴിഞ്ഞും ബീഭത്സവും വ്യാപകവുമായിരുന്ന അടിമത്തത്തെ വലിച്ചെറിയാൻ നടത്തിയ ഐതിഹാസിക പോരാട്ടത്തിൽ പക്ഷെ പ്രഖ്യാപിത വിപ്ലവകാരികളോ ബുദ്ധിജീവികളോ സാംസ്കാരിക നായകരോ വിരലിലെണ്ണാവുന്ന ചിലരൊഴിച്ചാൽ കാര്യമായി ആരും ഉണ്ടായിരുന്നില്ല. ദൈനന്ദിന രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്ന് സർവ്വസാധാരണക്കാരായ വ്യക്തികളിൽ രാഷ്ട്ര ഭക്തിയും ദേശീയബോധവും സൃഷ്ടിച്ചു കൊണ്ടിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു ദേശസുരക്ഷയുടെ വൻമതിൽ തീർത്തത്. അതൊരു പാoവും സൂചനയുമായിരുന്നു. രാഷ്ട്രം ആപത്തിൽ അകപ്പെടുമ്പോൾ പ്രഖ്യാപിത രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ ആയിരിക്കില്ല നാടിന്റെ കാവലാളാവുക. പ്രത്യുത അന്ത:ക്കരണത്തിൽ ദേശഭക്തിയും നാടിനുവേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധരുമായ രാഷ്ട്ര ഭക്തർക്കേ കഴിയൂ എന്നതിന്റെ തെളിവായിരുന്നു അടിയന്തിരാവസ്ഥ. നിസ്വാർത്ഥതയാണ് അളവുകോൽ. ആദർശമാണ് ഉരകല്ല്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് നേതാവും സമരനായകനുമായിരുന്ന ശ്രീ. എ.കെ.ഗോപാലൻ ഇങ്ങനെ പറഞ്ഞത് : " ഇന്നോളം ഞാനെത്രയോ കർഷകത്തൊഴിലാളി സമരങ്ങൾ നയിച്ചിട്ടുണ്ട്. പതിനായിരങ്ങൾ അത്തരമവസരങ്ങളിൽ എന്നെ അനുഗമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എന്നെ അനുഗമിക്കാൻ ധൈര്യമുള്ള പത്താളില്ല എന്നത് ദുഃഖകരമായിരിക്കുന്നു. ഇതെന്തുകൊണ്ട് സംഭവിച്ചു? ഇതിനു മുമ്പ് സമരത്തിനിറങ്ങിയവർ സ്വാർത്ഥലാഭത്താൽ പ്രേരിതരായിരുന്നു. അടിയന്തിരാവസ്ഥക്കെതിരായ സമരത്തിൽ നിന്ന് ഒന്നും സ്വന്തമായി നേടാനില്ല. ഇത്തരം സന്ദർഭങ്ങളിൽ ഉന്നതമായ ആദർശ ബോധമുള്ളവർ മാത്രമേ പോരാട്ടത്തിനു തയ്യാറാകൂ."

2018, ജൂൺ 24, ഞായറാഴ്‌ച

ശ്യാമ പ്രസാദ് മുഖർജി


ശ്യാമ പ്രസാദ് മുഖർജി

ഏക് ദേശ് മേം ദോ വിധാൻ , ദോ പ്രധാൻ ഓർ ദോ നിശാൻ നഹി ചലേംഗേ “
സ്വാതന്ത്ര്യാനന്തര ഭാരതം കേട്ട ഏറ്റവും ശക്തവും യുക്തിഭദ്രവുമാ‍യ പ്രസ്താവനകളിൽ ഒന്നായിരുന്നു അത് . ഒരു രാഷ്ട്രത്തിൽ രണ്ടു ഭരണഘടനയും രണ്ടു പ്രധാനമന്ത്രിയും രണ്ടു ദേശീയ ചിഹ്നവും ഉണ്ടാകാൻ അനുവദിക്കില്ലെന്ന പ്രസ്താവന വന്നത് സ്വാതന്ത്ര്യ സമര സേനാനിയും ഭാരതത്തിലെ ആദ്യത്തെ വ്യവസായ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖർജിയിൽ നിന്നായിരുന്നു .
ജമ്മു കാശ്മീരിനു സ്വയം ഭരണവും സ്വന്തം ഭരണഘടനയും പ്രധാനമന്ത്രിയും പതാകയും ഉണ്ടായിരുന്നതിനെതിരെ പ്രക്ഷോഭം നയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുഖർജി ദുരൂഹമായ സാഹചര്യത്തിൽ കശ്മീർ ജയിലിൽ വച്ചു മരിക്കുകയാണുണ്ടായത് .ഇന്ന് , ജനസംഘ സ്ഥാപകനും മഹാനായ ദേശീയവാദിയുമായ ശ്യാമപ്രസാദ് മുഖർജിയുടെ  63-ം ചരമ വാർഷികമാണ്.
പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും കൊൽക്കത്താ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായിരുന്ന അശുതോഷ് മുഖർജിയുടേയും യോഗമായാ ദേവിയുടെയും മകനായി 1901 ജൂലൈ 6 നായിരുന്നു ശ്യാമപ്രസാദിന്റെ ജനനം . കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും , ബംഗാളിയിൽ ബിരുദാനന്തര ബിരുദവും നേടിയ മുഖർജി പിന്നീട് നിയമത്തിലും ബിരുദം നേടി . കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനുമായി .
ബംഗാൾ ലെജിസ്ലേറ്റീവ് കൌൺസിലിൽ കോൺഗ്രസ്സ് പ്രതിനിധിയായി 1929 ഇൽ പ്രവേശിച്ചു കൊണ്ട് അദ്ദേഹം രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിച്ചു . 1934 ഇൽ കൊൽക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി . നൂതനമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .പിന്നീട് ഹിന്ദു മഹാ സഭയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം 1940 ഇൽ അതിന്റെ വർക്കിംഗ് പ്രസിഡന്റായി .
ഫസലുൾ ഹഖുമായി ചേർന്ന് പുരോഗമന സഖ്യത്തിനു രൂപം നൽകുകയും ബംഗാളിൽ ഗവണ്മെന്റ് രൂപവത്കരിക്കുകയും ചെയ്തു . ഹഖ് പ്രധാനമന്ത്രിയും മുഖർജി ധനകാര്യമന്ത്രിയുമായിരുന്നു . ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവായി ഉയർത്തിക്കാട്ടിയ സംഗതിയായിരുന്നു അത് .1940 കളുടെ ആദ്യപകുതിയിലുണ്ടായ ബംഗാൾ ക്ഷാമത്തിൽ കയ്യും മെയ്യും മറന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു . വളർന്നു കൊണ്ടിരിക്കുന്ന ദ്വിരാഷ്ട്രവാദത്തിനു പ്രതിവിധി കണ്ടെത്താൻ മുഹമ്മദാലി ജിന്നയുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു .
സ്വതന്ത്ര ഭാരതത്തിലെ ആദ്യ ഗവണ്മെന്റിൽ വ്യവസായ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മുഖർജി തന്റെ കാലയളവിൽ ഫലപ്രദമായ ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നു . എന്നാൽ 1950 ഇൽ കിഴക്കൻ പാകിസ്താനിൽ നടന്ന ഹിന്ദു വംശഹത്യയിൽ നിസ്സംഗമായി നിന്ന നെഹൃവിന്റെ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി സ്ഥാനം രാജിവച്ചു.
ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ച ഭാരതീയ ജനതാ പാർട്ടിയുടെ മുൻ ഗാമിയായി 1951 ഒക്റ്റോബറിൽ ഭാരതീയ ജനസംഘം ശ്യാമ പ്രസാദ് മുഖർജിയുടെ അദ്ധ്യക്ഷയിൽ രൂപവത്കരിക്കപ്പെട്ടു . സൌത്ത് കൽക്കട്ട മണ്ഡലത്തിൽ നിന്ന് 1952 ഇൽ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . പാകിസ്താനെതിരെ ശക്തമായ നീക്കങ്ങൾക്കു വേണ്ടി വാദിച്ച അദ്ദേഹം ലോക സഭയിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു .
ജമ്മു കാശ്മീരിനെ പൂർണ്ണമായും ഭാരതത്തോട് കൂട്ടിച്ചേർക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വൻ പ്രക്ഷോഭം തന്നെ സംഘടിപ്പിച്ചു .അന്നത്തെ ആർ.എസ്സ്.എസ്സ് സർസംഘചാലക് എം എസ് ഗോൾവൽക്കർ അടക്കമുള്ളവരുടെ സ്നേഹപൂർണ്ണമായ ശാസനകൾക്ക് വഴങ്ങാതെ 1953 മേയ് 8 നു കാശ്മീരിലേക്ക് പോയി .ശ്യാമപ്രസാദ് മുഖർജിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പിന്നീട് ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എ ബി വാജ്പേയി. തന്റെ സന്തത സഹചാരിയായിരുന്ന വാജ്പേയിയെ കശ്മീരിന്റെ കവാടത്തിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചത് മുഖർജിയാണ് .
തനിക്കൊപ്പം വരുന്നതിനു പകരം തിരിച്ചു പോയി തന്റെ പ്രക്ഷോഭത്തെക്കുറിച്ച് ലോകത്തോട് പറയണമെന്ന് വാജ്പേയിയോട് മുഖർജി ആവശ്യപ്പെട്ടു.  പിന്നീട് മുഖർജി മടങ്ങിവന്നില്ല . 1963 മെയ് 11 നു അറസ്റ്റ് ചെയ്യപ്പെട്ടു . ജൂൺ 23 നു ദുരൂഹമായ സാഹചര്യത്തിൽ കസ്റ്റഡിയിൽ വച്ച് ബലിദാനിയായി .
ഇന്ത്യക്കും കാശ്മീരിനും വെവ്വേറെ പ്രധാനമന്ത്രി എന്നത് തിരുത്താൻ അദ്ദേഹത്തിന്റെ ബലിദാനത്തിനു കഴിഞ്ഞുവെങ്കിലും ഇന്നും രണ്ടു ഭരണഘടനയും രണ്ടു പതാകയും നിലനിന്നു പോരുന്നുണ്ട് .

2018, ജൂൺ 21, വ്യാഴാഴ്‌ച

ഹിന്ദു സാമ്രാജ്യ ദിനം


ഹിന്ദു സാമ്രാജ്യ ദിനം


കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകവും RSSഉം

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകവും RSSഉം

സംഘ സ്വയംസേവകരുടെ പരിശ്രമം കൊണ്ട് കിട്ടിയ അമൂല്യ നിധിയാണ് ഭാരതത്തിന്റെ തെക്കെയറ്റത്ത്, മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ഭൂമിയിലെ ഏക സ്ഥലം - കന്യാകുമാരി വിവേകാനന്ദ സ്മാരക കേന്ദ്രം

സൂര്യോദയവും, അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ, കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം.

കരയിൽ നിന്ന് രണ്ടര ഫർലോങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ, ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്. 1892 ൽ സ്വാമി വിവേകാനന്ദൻ ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു . ആ ധ്യാനത്തിലാണ് സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും തുടർന്ന് ചിക്കഗൊയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ഒരു പതിറ്റാണ്ടോളം സ്വാമിജിയുടെ സമാധി വരെ നീണ്ടു . ഇന്ന് അവിടെ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഗംഭീരമായ ഒരു വിവേകാനന്ദ സ്മാരകമുണ്ട്.

കന്യാകുമാരിയുടെ മുഖമുദ്രയായ ആ സമുദ്ര സ്മാരകത്തിന് രോമാഞ്ചദായകമായ ഒരു ചരിത്രമുണ്ട്. പലർക്കും ദഹിക്കാത്ത ഒരു ചരിത്രം. പലരും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചരിത്രം. അത് രചിച്ചവർക്ക് കൊട്ടിഘോഷിക്കാൻ താത്പര്യമില്ലാത്ത ചരിത്രം.

തമിഴ്നാട്ടിലെ കന്യാകുമാരി പ്രദേശം ലാറ്റിൻ കത്തോലിക്ക വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അവിടുത്തെ മത്സ്യത്തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്. തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സഭയുടെ സ്വാധീനം വളരെ നിർണായകമാണ്. 1963 സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വർഷമായിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ ഒരു മർമപ്രധാനമായ സ്ഥലം എന്ന നിലയിൽ കടലിലെ പാറയിൽ ഒരു സ്മാരകം പണിയണം എന്നുള്ള രീതിയിലുള്ള ചർച്ചകൾ ശ്രീരാമകൃഷ്ണ മിഷനിൽ സജീവമായി. അത് ക്രമേണ സമൂഹത്തിലും ചർച്ചാവിഷയമായി. ഈ സംരംഭം നടന്നാൽ അത് തങ്ങളുടെ സ്വാധീനത്തിന് ഭീഷണിയാകും എന്ന് ഭയന്ന സഭ, ഇത് കന്യാകുമാരിയല്ല കന്യകാമേരിയാണെന്ന് വാദിച്ച് കൊണ്ട് സംഘടിത ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ ശ്രമത്തോടെ ശ്രീ പാദപ്പാറയിൽ ഒരു കുരിശ് സ്ഥാപിച്ചു. ഒരു കാരണവശാലും ഇനി അവിടം കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഗൂഡാലോചാനയായിരുന്നു അത്.

പാറയിൽ കുരിശ് വന്നതോടെ കാര്യങ്ങൾ സങ്കീർണമായി. എത്രയും വേഗം ആ കുരിശ് നീക്കം ചെയ്തില്ലങ്കിൽ വിവേകാനന്ദ സ്മാരകം സ്വപ്നമായി അവശേഷിക്കും എന്ന് മനസ്സിലാക്കിയപ്പോൾ ആർഎസ്എസ് ദൗത്യം എറ്റെടുത്തു. കോഴിക്കോട് വെള്ളയിൽ കടപ്പുറം ശാഖയിലെ ലക്ഷ്മണനും മറ്റ് പതിമൂന്ന് സ്വയം സേവകരുമാണ് അതീവ സാഹസികമായ ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടത്. കടലിനോട് മല്ലടിച്ച് കടലിന്റെ മനശാസ്ത്രം നന്നായി അറിയുന്ന ലക്ഷ്മണനും കൂട്ടരും അങ്ങനെ കന്യാകുമാരിയിലേക്ക് തിരിച്ചു. നൂറുകണക്കിന് എതിരാളികളോട് മത്സരിച്ച് ഈ ദൗത്യം നിർവഹിക്കാൻ ലക്ഷ്മണനടക്കം പതിനഞ്ചു പേർ. ഇരുളിന്റെ മറവിൽ പാറയിലേക്ക് തുഴഞ്ഞ് അവർ കുരിശ് തകർത്തു. നേരം വെളുത്തപ്പോഴാണ് പള്ളി വിവരമറിയുന്നത്. സംഘടിച്ചെത്തിയ ക്രിസ്ത്യാനികൾ പാറയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു. നൂറു കണക്കിന് മുക്കുവർ വള്ളങ്ങളുമായി പാറക്കു കാവൽ നിന്നു. അടുത്ത വെളുപ്പാൻ കാലത്ത് കാവൽക്കാർ അൽപമൊന്ന് അലസിയതിന്റെ പഴുതിലൂടെ ലക്ഷ്മണനും കൂട്ടരും വീണ്ടും പാറയിൽ എത്തി കുരിശ് കടലിലെറിഞ്ഞു. രോഷാകുലരായ എതിരാളികൾ ആക്രമിച്ചപ്പോൾ ലക്ഷ്മണനും സംഘവും കടലിൽ ചാടി കരയിലേക്ക് നീന്തി രക്ഷപെട്ടു. സാഹചര്യം സങ്കീർണമായപ്പോൾ കളക്ടറും ആർഡിഒയും ഇടപെട്ടു നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്റ്റാറ്റസ് കോ നിലനിർത്താൻ ഉത്തരവായി. അതോടെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള ശ്രമം അവസാനിച്ചു.

പക്ഷേ വിവേകാനന്ദ സ്മാരകം എന്നത് അപ്പോഴും ഒരു വിദൂര സ്വപ്നം തന്നയായിരുന്നു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഭക്തവൽസലത്തിനു സഭയെ പിണക്കുന്ന ഒരു കാര്യവും ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ആരും പിന്തുണക്കാനില്ലാതെ വിവേകാനന്ദ സ്മാരകം ജലരേഖയാകുമോ എന്ന് കരുതിയിരിക്കുമ്പോൾ ആർഎസ്എസ് സർകാര്യവാഹായിരുന്ന എകനാഥ് റാനഡെയെ സംഘം ദൗത്യം എല്പിച്ചു. അതുല്യ സംഘാടകനായ റാനഡെ ഭാരതം മുഴുവൻ സഞ്ചരിച്ച് പിന്തുണ സമാഹരിച്ചു. പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചു. ജനസംഘത്തിനു നാമമാത്ര പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന പാർലമെന്റിൽ മുന്നൂറിലധികം എം.പി മാരുടെ പിന്തുണ റാനഡേയുടെ സംഘടനാ സാമർത്ഥ്യം കൊണ്ട് ലഭിച്ചു. ഭക്ത വല്‍‌സലത്തിനും പിന്നെ രക്ഷയുണ്ടായില്ല. എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ കേന്ദ്രത്തിനു സംഭാവന നൽകിയപ്പോൾ, ഒരു മതഭ്രാന്തന്റെ സ്മാരകത്തിന് നൽകാൻ ചില്ലിക്കാശ് പോലുമില്ല എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയും ഭാരതത്തിലുണ്ടായിരുന്നു. സ്വാമിജി ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി സാക്ഷാൽ ഇഎംഎസ്.

അങ്ങിനെ 1968 ഡിസംബറിൽ പണിതുടങ്ങിയ ശ്രീപാദപ്പാറയിലെ സ്മാരകം 1970 ൽ രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിനു സമർപ്പിച്ചു. ഏകനാഥ് റാനഡെ കന്യാകുമാരിയിൽ തന്നെ വിവേകാനന്ദ കേന്ദ്രത്തിന്റെ നടത്തിപ്പും വികസനവുമൊക്കയായി ശിഷ്ടകാലം കഴിച്ച് 1982 ആ ധന്യ ജീവിതം അവസാനിച്ചു.

1962 ലെ ദൌത്യത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് പേരിൽ ലക്ഷ്മണൻ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ആ ദൗത്യത്തിന്റെ അസൂത്രണവും ചുക്കാനും പിടിച്ച ആർ.ഹരിയേട്ടൻ ഇപ്പോഴും എറണാകുളം സംസ്ഥാന കാര്യാലയത്തിൽ സംഘ കാര്യങ്ങളുമായി സജീവമാണ്. ഭാരതത്തിന്റെ മഹാനായ വിശ്വപൌരനുള്ള ഗുരുദക്ഷിണയായി ഈ ഘനഗംഭീരമായ സ്മാരകം നിർമ്മിച്ച ആര്‍‌എസ്‌എസ് പതിവ് പോലെ ഒരു ആർഭാടങ്ങളും ഇല്ലാതെ തങ്ങളുടെ കർമഭൂമിയിലെക്ക് മടങ്ങി.

ഇന്ന് കന്യാകുമാരി ഭാരതത്തിലെ എറ്റവും വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സര്‍ക്കാരിന് കോടികളുടെ വരുമാനവും. പതിനായിരങ്ങളുടെ ഉപജീവനവും. കന്യാകുമാരിയിലെത്തുന്ന ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട ഈ ചരിത്രം പക്ഷെ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമാണ്.

കടപ്പാട് .ജന്മഭൂമി

2018, ജൂൺ 12, ചൊവ്വാഴ്ച

സൂര്യ നമസ്കാരം

സൂര്യ നമസ്കാരം 


ധ്യാനശ്ലോകം

ധ്യേയഃ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തി
നാരായണഃ സരസിജാസന സന്നിവിഷ്ടഃ
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്രഃ

അര്‍ത്ഥം
കിരണങ്ങളുതിരുന്ന ഹിരണ്മയശരീരത്തില്‍ മകരകുണ്ഡലങ്ങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങ്ങള്‍ ധരിച്ച് സവിതൃമണ്ഡലത്തിന്‍ടെ മദ്ധ്യത്തില്‍ എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു.


സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.

ശ്വാസക്രമം:-
സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.
സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

ഐതിഹ്യം:-
ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.

ശാസ്ത്രീയം:-
സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.


രീതി:-
നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.

നിരുക്തം:-
നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് നമസ്കാരം ആയത് അര്‍ത്ഥം തലകുനിക്കല്‍, ആദരവ് പ്രകടിപ്പിക്കല്‍ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തില്‍ നിസ്കാരം മായിത്തീര്‍ന്നിട്ടുണ്ട്.


നാല് വിധ നമസ്കാരങ്ങള്‍-:
നമസ്കാരങ്ങള്‍ നാല് വിധമുണ്ട്. സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.

സൂര്യ നമസ്കാരം
സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.

സാഷ്ടാംഗ നമസ്കാരം
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാല്‍മുട്ട്,കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.

ദണ്ഡ നമസ്കാരം
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍(വടി പോലെ) കിടക്കുന്നതാകുന്നു.

പാദ നമസ്കാരം
ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.

രക്ഷാ ബന്ധന മഹോത്സവം


       രക്ഷാ ബന്ധനം

രക്ഷാ ബന്ധന മഹോത്സവം
സൌഹ്രൃദ ഭാരത ദിനോത്സവം
(രക്ഷാ ബന്ധന മഹോത്സവം )

ഭാരത സംസ്ക്രൃതിയീപൊന്‍നൂലില്‍
ഓരോയിഴയും പാടീടുന്നു
ത്യാഗശക്തിയും ദേശഭക്തിയും
ഐക്യമാര്‍ഗവും നല്‍കും നാള്‍
(രക്ഷാ ബന്ധന മഹോത്സവം )

ധീരന്‍മാറാം ദേശഭക്തര്‍ തന്‍
ചോരകൊടുത്തിതു പാവനമാക്കി
ജനനീ സോദരിമാരുടെ പേരില്‍
പ്രതിജ്ഞ ചെയ്യും പൊന്‍ തിരുനാള്‍
(രക്ഷാ ബന്ധന മഹോത്സവം )

രാജസ്ഥാനിലെ ഓരോ മണലും
ഗദ്ഗദപൂര്‍വ്വമുരച്ചീടുന്നു
സോദരിമാരുടെ മാനം കാക്കാന്‍
ജീവന്‍ ത്യജിച്ചോരക്കഥകള്‍
(രക്ഷാ ബന്ധന മഹോത്സവം )

ഖണ്ഡിതമാകിയ ഭാരതഭു‌വിനെ
വീണ്ടുമഖണ്ഡിതമാക്കിത്തീര്‍ക്കാന്‍
കങ്കണമണിഞ്ഞു ഹൈന്ദവവീരര്‍
പോര്‍ക്കളമണയും ജയോത്സവം
(രക്ഷാ ബന്ധന മഹോത്സവം )

മഹര്‍ഷി അരവിന്ദന്‍

അമൃതവചനം.

മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു:-

    സ്ഥിരതയും ധൈര്യവും സഹനശക്തിയും നമുക്ക് ഒരിക്കലും നഷ്ട്ടപെട്ടുകൂടാ.
    തലകുനിച്ചു പിടിച്ചാല്‍ മര്‍ദനത്തില്‍നിന്ന് രക്ഷപെടാമെന്ന് വിചാരിക്കുന്ന ചിലരുണ്ട്
    ഇത് എന്‍റെ അഭിപ്രായമല്ല. കൊടും കാറ്റിനെ മുന്നില്‍ തന്നെ ചെന്ന് നേരിട്ട് ഉത്തുംഗമായ ധൈര്യ പൌരുഷങ്ങളാലും സഹന ശക്തിയാലും പൊരുതികൊണ്ട് മാത്രമേ രാഷ്ട്രത്തെ രക്ഷിക്കാന്‍ ആകൂ.

2018, ജൂൺ 10, ഞായറാഴ്‌ച

ജടായു

ജടായു - പുണ്യവാനായ പക്ഷി 


ദേവന്മാരും മനുഷ്യരും രാക്ഷസരും മാത്രമല്ല, കുരങ്ങന്മാരും പക്ഷികളുമൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളാണ്. സമ്പാതിയും ജടായുവുമാണ് ജ്യേഷ്ഠാനുജന്മാരായ രണ്ട് പക്ഷിശ്രേഷ്ഠന്മാര്‍. ഇവര്‍ രണ്ടുപേരും ശ്രീരാമന്റെ സഹായികളായി കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ്. രാവണന്‍ സീതാദേവിയെ അപഹരിച്ച് കൊണ്ടുപോകുന്നതിന് ഏകസാക്ഷിയായിരുന്നു ജടായു. 'ഹാ... ഹാ... രാഘവ സൗമിത്രേ...' എന്നുള്ള സീതയുടെ ഭയംനിറഞ്ഞ നിലവിളി കേട്ടാണ് ജടായു എത്തിച്ചേരുന്നത്. ''പട്ടി ഹോമദ്രവ്യം കട്ടുകൊണ്ടുപോകുന്നതുപോലെ എന്റെ സ്വാമിതന്‍ പത്‌നിയെ എവിടേക്കാണ് കൊണ്ടുപോകുന്നത് മൂഢാത്മാവേ'' എന്ന് ചോദിച്ചുകൊണ്ടാണ് ജടായു വഴിമധ്യേ രാവണനെ തടയുന്നത്. ''ചിറകാര്‍ന്ന പര്‍വതം പോലെ'' എന്നാണ് എഴുത്തച്ഛന്‍ ജടായുവിനെ വിശേഷിപ്പിക്കുന്നത്. ജടായുവിന്റെ ചിറകടിയില്‍ നിന്നുള്ള കാറ്റേറ്റ് സമുദ്രം പ്രക്ഷുബ്ധമാവുകയും പര്‍വതങ്ങള്‍ ഇളകുകയും ചെയ്തുവത്രെ! അത്രയും ശക്തനായിരുന്നു ആ പക്ഷി.

രാവണന്റെ ചാപങ്ങളെ ജടായു പൊടിച്ചുകളഞ്ഞു. പത്ത് മുഖങ്ങളും കാല്‍നഖംകൊണ്ട് കീറിമുറിച്ചു. മൂര്‍ച്ചയുള്ള കൊക്കുകൊണ്ട് തേര്‍ത്തടം തകര്‍ത്തു. കാല്‍ക്ഷണംകൊണ്ട് കുതിരകളെയെല്ലാം കൊന്നുവീഴ്ത്തി. ജടായുവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രാവണന്‍ ചഞ്ചലനായി. തന്റെ യാത്ര മുടങ്ങുക മാത്രമല്ല കീര്‍ത്തി മുടിയുകയും ചെയ്യും എന്നുഭയന്ന രാവണന്‍ ചന്ദ്രഹാസംകൊണ്ട് ജടായുവിന്റെ ചിറകുകള്‍ അരിഞ്ഞു. നിസ്സഹായനായി ജടായു നിലത്തുവീണു.

തന്റെ ഭര്‍ത്താവിനെക്കണ്ട് വിവരങ്ങള്‍ പറഞ്ഞല്ലാതെ ജീവന്‍ വെടിയില്ലെന്ന് സീതാദേവി അനുഗ്രഹിച്ചതനുസരിച്ച് ജടായു രാമനെ കാത്തുകിടന്നു. സീതയെത്തേടി രാമലക്ഷ്മണന്മാര്‍ അലഞ്ഞുനടക്കുമ്പോഴാണ്, തകര്‍ന്നുകിടക്കുന്ന രാവണരഥവും സമീപത്തായി കിടക്കുന്ന ജടായുവിന്റെ ഘോരരൂപവും രാമലക്ഷ്മണന്മാര്‍ കാണുന്നത്. വധിക്കാനടുത്ത രാമനോട്, താന്‍ വധ്യനല്ലെന്നും രാമന്റെ ഭക്തദാസനും ദശരഥന്റെ മിത്രവുമായ ജടായുവാണെന്നുമാണ് സ്വയം പരിചയപ്പെടുത്തുന്നത്. 'രാവണന്‍ ദേവിയെ ദക്ഷിണദിക്കിലേക്ക് കൊണ്ടുപോയി' എന്നുപറയാനേ ജടായുവിന് കഴിഞ്ഞുള്ളൂ. ''തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണം'' എന്നായിരുന്നു ഭക്തനായ ജടായുവിന്റെ അന്ത്യാഭിലാഷം. രാമന്റെ തൃക്കൈകൊണ്ടുള്ള തലോടലേറ്റുകൊണ്ടുതന്നെ ജടായു ജീവന്‍വെടിഞ്ഞു. പിതൃമിത്രംകൂടിയായ ജടായുവിന്റെ മൃതശരീരം രാമന്‍ മടിയില്‍വെച്ച് കണ്ണീര്‍വാര്‍ത്തു. പിന്നീട് ലക്ഷ്മണന്‍ ഒരുക്കിയ ചിതയില്‍വെച്ച് ഉദകക്രിയകളെല്ലാം അനുഷ്ഠിച്ചു. സൂര്യതുല്യം ശോഭയോടുകൂടി വിഷ്ണു പാര്‍ഷദന്മാരാല്‍ സ്വീകരിക്കപ്പെട്ടാണത്രെ ജടായു വിഷ്ണുലോകം പൂകിയത്. അതിനുമുമ്പേ രാമനെ കൈക്കൂപ്പിക്കൊണ്ട് ജടായു നടത്തിയ സ്തുതി രാമനാല്‍ ശ്ലാഘിക്കപ്പെട്ടു. വെറും പക്ഷിയായിരുന്നിട്ടും വിഷ്ണു സാരൂപ്യം പ്രാപിച്ച് ബ്രഹ്മപൂജിതപദം പ്രാപിക്കാന്‍ തന്റെ ഭക്തികൊണ്ടും ത്യാഗംകൊണ്ടും ജടായുവിന് സാധിച്ചു.

2018, ജൂൺ 9, ശനിയാഴ്‌ച

RSS ന്‍റെ ലക്ഷ്യം

പൂജനീയ ഗുരു‍ജി പറഞ്ഞു..

"രാജ്യത്തെക്കുറിച്ചുള്ള ഹിന്ദുക്കളുടെ സമീപനം മനസ്സിലാക്കി, ആർ.എസ്.എസ് അവരിൽ രാജ്യത്തിനോട് ആത്മാർപ്പണത്തിന്റെ ശീലം വളർത്തിയെടുക്കുകയും അവരിൽ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സഹകരണത്തിന്റെയും സ്വഭാവരൂപീകരണം ഉണ്ടാക്കുകയും ചെയ്ത്, രാജ്യത്തോടുള്ള കടമക്ക് വേണ്ടി വിശ്വാസത്തിനും ജാതിക്കും ഭാഷക്കും രണ്ടാം പരിഗണന മാത്രം കൊടുത്ത്, അതിലൂടെ യഥാർത്ഥ മനുഷ്യസ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും സ്വഭാവരൂപീകരണം നടത്തി, ശക്തരാകാനും സമൂഹത്തിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലിൽ ഏറ്റെടുത്ത് എല്ലാ രീതിയിലുമുള്ള അനുശാസന ജീവിതത്തിന്റെ എല്ലാ മേഘലയിലും എല്ലാവരും ഉണ്ടാക്കിയെടുത്ത് ഹിമാലയം മുതൽ കന്യാകുമാരി വരെ പരസ്പര സാഹോദര്യത്തോടെയുള്ള ഒരു രാജ്യത്തിനെ ഉണ്ടാക്കുക"

ഇതാണ് RSS'ന്‍റെ ലക്ഷ്യം......

ഗുരുജി

പുജനിയ ഗുരുജി പറഞ്ഞു,

    മഹത്തായ ആദര്‍ശങ്ങള്‍ക്കു വേണ്ടി നമ്മുക്കിനിയും ജീവിക്കാം. ഇന്നത്തെ ആണത്തം കെടുത്തുന്ന ചിന്താഗതി-കളെല്ലാം ദൂരെ കളഞ്ഞു ദേശാഭിമാനം ജ്വലിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിക്ക് വേണ്ടി സേവനം, സ്വാശ്രയ ശീലം, സമര്‍പ്പണ മനോഭാവം എന്നീ മഹത് ആശയങ്ങള്‍ ശ്വസിച്ച് ജീവിക്കുന്ന യതാർത്ഥ മനുഷ്യരായിത്തിരാം .

2018, ജൂൺ 8, വെള്ളിയാഴ്‌ച

യോഗ

യോഗയും യോഗയും ആധുനിക ജീവിതവും


...മനസിനും ശരീരത്തിനും ഉണര്‍വും ഊര്‍ജവും പകരുന്ന യോഗ ആധുനിക ജീവിതത്തില്‍ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌...

രോഗരഹിതവും സുദൃഢവുമായ ശരീരമാണ്‌ ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷകപൂര്‍ണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ്‌ വ്യായാമവും. ഇതിന്‌ ഏറ്റവും ഉത്തമമായ ഭാരതത്തനിമയുള്ള വ്യായാമ ശാസ്‌ത്രമാണ്‌ യോഗ.

ബുദ്ധിവികാസത്തിനും കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്‌തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന്‌ ആചാര്യന്‍മാര്‍ വ്യക്‌തമാക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമാണ്‌. ജീവിതത്തിലെ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നത്‌ ശരീരമനസുകളാണ്‌. അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും മനസിനും ഉണ്ടായിരിക്കണം. സാധാരണയായി രോഗത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്‌. അതേപോലെ മരണത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ ജീവിതത്തെപ്പറ്റിയും ചിന്തിക്കുന്നത്‌. ഇന്ന്‌ നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും മൂലകാരണം പ്രകൃതിയുടെ അടിസ്‌ഥാനതത്വങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കാത്തതാണ്‌. ഇതുവരെയുള്ള നമ്മുടെ ചിന്ത, വാക്ക്‌, പ്രവൃത്തി ഇവയുടെ ആകെത്തുകയാണ്‌ ഇന്നത്തെ നമ്മുടെ ജീവിതം. നല്ല വിചാരം, നല്ല വാക്ക്‌, നല്ല പ്രവൃത്തി, നിഷ്‌ക്കാമകര്‍മ്മം, സേവനമനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്‌ടിപ്പെടുത്തുന്നു. ശക്‌തിയുടെ ഉറവിടം മനസാണ്‌. മനസില്‍നിന്നാണ്‌ ശരീരം ശക്‌തിസംഭരിക്കുന്നത്‌. മനസ്‌ ബലഹീനമായാല്‍ ശരീരവും ക്ഷീണിക്കും. പ്രതികൂലപരിതസ്‌ഥിതികളും അനുഭവങ്ങളും മനോമണ്ഡലത്തില്‍ പരത്തുന്ന ഛായാപടലങ്ങളാണ്‌ മനോവേദനയ്‌ക്കും മനസിന്റെ ക്ഷീണത്തിനും മൂലഹേതു.

തത്വബോധവും യുക്‌തിവിചാരവും എന്ന്‌ ഉടലെടുക്കുന്നുവോ അന്നേ നമ്മള്‍ ഇവയില്‍നിന്നെല്ലാം മോചിതരാകുകയുള്ളൂ. ഏത്‌ രോഗത്തെയും നിര്‍മ്മാര്‍ജ്‌ജനം ചെയ്യുന്നതിനുള്ള ആന്തരികശക്‌തികള്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്നുണ്ട്‌. അവയെ ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചിട്ടകള്‍ നാം അവലംബിക്കണമെന്നു മാത്രം. ഇവിടെയാണ്‌ യോഗയുടെ പ്രയോജനവും പ്രസക്‌തിയും നാം അറിയുന്നത്‌.

യോഗ എന്നാല്‍ എന്ത്‌?

ആര്‍ഷഭാരതത്തിന്റെ അമൂല്യ സംഭാവനയാണ്‌ യോഗദര്‍ശനം, ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയാണ്‌ യോഗ. അതല്ലെങ്കില്‍ പ്രാണനും അപാനനും തമ്മിലുള്ള ചേര്‍ച്ച. മാനുഷികസത്തയെ ദിവ്യാവബോധത്തിലേക്കുയര്‍ത്തുകയാണ്‌ യോഗയുടെ ആത്യന്തികലക്ഷ്യം. കൂടെ രോഗങ്ങള്‍ മാറുകയും ചെയ്യുന്നു. പതഞ്‌ജലിയെന്ന മഹര്‍ഷിയാണ്‌ ഇതിന്റെ ഉപജ്‌ഞാതാവ്‌.

യോഗ എട്ടായി തരംതിരിച്ചിരിക്കുന്നു. അതുകൊണ്ട്‌ അതിനെ അഷ്‌ടാംഗയോഗമെന്നു പറയുന്നത്‌. അവയാണ്‌ യമം, നിയമം, ആസന പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി. ഇതില്‍ ആദ്യത്തെ നാലെണ്ണം ഹഠയോഗംആണ്‌. പിന്നത്തെ നാലെണ്ണം രാജയോഗവും. ശരീരവും മനസും വിപുലപ്പെടുത്തുന്നതാണ്‌ ഹംയോഗം. ആധ്യാത്മികമായ ഉന്നതിയിലെത്തുന്നതാണ്‌ രാജയോഗം. പവിത്രവും പരമരഹസ്യവുമായി തലമുറകളായി കൈമാറിവന്ന ശാസ്‌ത്രമാണിത്‌. അര്‍ഹതയില്ലാത്തവനു പറഞ്ഞുകൊടുത്താല്‍ ഈ ശാസ്‌ത്രം അധ:പതിച്ചു പോകുമായിരുന്നു. പതഞ്‌ജലി മഹര്‍ഷി പറയുന്നത്‌. അയോഗാനുസാന:, യോഗ ചിത്തവൃത്തിരോധ: ഇനി യോഗത്തെപ്പറയാം. യോഗം ചിത്തവൃത്തികളുടെ നിരോധമാണ്‌. ഇതാണ്‌ യമനിയമങ്ങള്‍, യമനിയമങ്ങള്‍ പാലിക്കാത്ത ഒരാള്‍ക്കും യോഗയുടെ ഉന്നതിയിലെത്തിച്ചേരാന്‍ സാധിക്കുകയില്ല.

ആര്‍ക്കെല്ലാം യോഗ അനുഷ്‌ഠിക്കാം?

സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും അഭ്യസിക്കാന്‍ പറ്റുന്ന ശാസ്‌ത്രമാണിത്‌. ചിലര്‍ക്ക്‌ ഒരു തെറ്റിദ്ധാരണയുണ്ട്‌. സന്യാസിമാര്‍ക്ക്‌ മാത്രമേ ഇത്‌ ചെയ്യാന്‍ കഴിയൂവെന്ന്‌. വിവാഹജീവിതം ഒരിക്കലും ഇതിനൊരു തടസമാകുന്നില്ല. കുടുംബബന്ധത്തിന്‌ ഈ ശാസ്‌ത്രം കെട്ടുറപ്പ്‌ കൂട്ടുന്നതേയുള്ളൂ. യോഗ ഭാരതത്തിന്റെ സംസ്‌കാരമാണ്‌. ഒരു മതത്തോടും ബന്ധിതമാകാതെ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നു. ഒരാളെക്കൊണ്ട്‌ യോഗ ചെയ്യിക്കുമ്പോള്‍ അയാളുടെ പ്രായം, അയാളിലെ രോഗങ്ങള്‍, രോഗത്തിന്റെ കാഠിന്യം, അയാള്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ആസനങ്ങള്‍, ഏതൊക്കെ ആസനങ്ങള്‍ പാടില്ല. കഠിനമായ ആസനങ്ങള്‍ ഇവയെല്ലാം മനസിലാക്കണം.

എപ്പോള്‍ ? എങ്ങനെ ?

നിത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ്‌ ശരീരശുദ്ധിവരുത്തിവേണം യോഗ ആരംഭിക്കുവാന്‍. രാവിലെയോ വൈകിട്ടോ ചെയ്യാവുന്നതാണ്‌. ഉത്തമസമയം പ്രഭാതത്തിലാണ്‌. നല്ലൊരു മുറി ഇതിന്‌ തെരഞ്ഞെടുക്കണം. ആരുടെയും ശല്യമില്ലാത്തതും നല്ല വായുസഞ്ചാരവുമുള്ള മുറി വേണം തെരഞ്ഞെടുക്കാന്‍. ശരീരത്തില്‍ കുറച്ച്‌ വസ്‌ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പുരുഷന്മാര്‍ ലങ്കോട്ടി ധരിക്കുന്നത്‌ ഉത്തമമായിരിക്കും. സ്‌ത്രീകള്‍ കൈകാലുകള്‍ മടക്കുന്നതിനും പൊക്കുന്നതിനും തടസമില്ലാത്ത വസ്‌ത്രങ്ങള്‍ വേണം ധരിക്കുവാന്‍. യോഗ ചെയ്യുന്ന സമയത്ത്‌ ഫാന്‍ ഉപയോഗിക്കരുത്‌. കൂടാതെ ഏതെങ്കിലും കഠിനമായഅസുഖമുള്ളപ്പോള്‍ യോഗ ചെയ്യരുത്‌. നിരപ്പായ തറയില്‍ ഒരു വിരിപ്പുവിരിച്ച്‌ അതിന്മേല്‍ വേണം യോഗ അഭ്യസിക്കുവാന്‍. ഒരിക്കലും ആ സമയം ശരീരം തറയില്‍ മുട്ടുവാന്‍ പാടില്ല. കാരണം ആ സമയത്ത്‌ നമ്മുടെ ശരീരത്തുണ്ടാകുന്ന എനര്‍ജി എര്‍ത്തായി പോകാതിരിക്കുന്നതിനാണ്‌.

ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞേ യോഗാ ചെയ്യാവൂ. വേണമെങ്കില്‍ അരമണിക്കൂര്‍ മുമ്പ്‌ വെള്ളം കുടിക്കാവുന്നതാണ്‌. അതേപോലെ യോഗ കഴിഞ്ഞ്‌ അരമണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ.

നല്ല ഒരു ഗുരുവിന്റെ കീഴില്‍ മാത്രമേ യോഗ അഭ്യസിക്കാവൂ. സി.ഡി. കണ്ടോ, പുസ്‌തകത്തിലൂടെയോ യോഗ ശീലിക്കരുത്‌. നിരന്തരമായ അഭ്യാസത്തിലൂടെ മാത്രമേ ഇതിന്റെ പൂര്‍ണത ലഭിക്കുകയുള്ളൂ. ജീവിതകാലം മുഴുവന്‍ അഭ്യസിക്കേണ്ട ജീവിതചര്യയായിവേണം യോഗ കാണാന്‍.

യോഗ വരുത്തുന്ന മാറ്റങ്ങള്‍

ശരീരം പഞ്ചഭൂത നിര്‍മ്മിതമാണ്‌. അത്‌ വിഘടിക്കുമ്പോഴാണ്‌ നമുക്ക്‌ രോഗങ്ങള്‍ ഉണ്ടാകുന്നത്‌. അപ്പോള്‍ ശരീരത്തിലെ മിക്ക അവയവങ്ങളുടെയും താളം തെറ്റുന്നു. ഈ താളം ശരിയായവിധത്തിലാക്കുകയാണ്‌ യോഗയിലൂടെ. ശരീരത്തില്‍ ധാതുക്കളുടെ ഏറ്റക്കുറച്ചിലുകള്‍മൂലവും രോഗങ്ങളുകും. ഈ ധാതുക്കളെ പുഷ്‌ടിപ്പെടുത്തിയാല്‍ അതില്‍നിന്നും ഒരു പരിധിവരെ മോചിതരാകാന്‍ കഴിയും. ഒരു മനുഷ്യന്‍ സുഖമായും സമാധാനമായും ദീര്‍ഘായുസായും ജീവിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും പ്രകൃതി നല്‍കിയിട്ടുണ്ട്‌. അതെല്ലാം കാറ്റില്‍ പറത്തി പ്രകൃതിതത്വങ്ങള്‍ക്ക്‌ വിരുദ്ധമായി ജീവിക്കുമ്പോള്‍ ജീവിതയാത്രയില്‍ അടിപതറിപ്പോകുന്നു. പ്രകൃതിതത്വങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കുന്നവര്‍ക്ക്‌ മാത്രമേ ലോകത്ത്‌ നിലനില്‍പ്പുള്ളൂ. ജഡവസ്‌തുവാകുന്ന ശരീരം രോഗങ്ങള്‍ക്കിരയാകാതെ കാത്തുസൂക്ഷിച്ചേ മതിയാകൂ. അത്‌ ഓരോരുത്തരുടെയും കടമയാണ്‌. ഈ ജന്മംകൊണ്ട്‌ നമുക്കും മറ്റുള്ളവര്‍ക്കും എന്തെങ്കിലും നല്ലകാര്യം ചെയ്യണമെങ്കില്‍ ആരോഗ്യമുള്ള ശരീരവും ആവേഗമുള്ള മനസും കൂടിയേ തീരൂ. അതിനുള്ള ഉത്തമ ഉപാധിയാണ്‌ യോഗശാസ്‌ത്രം. യുക്‌തിചിന്തയും തത്വബോധവും ഉടലെടുക്കുന്നതിനും സത്യത്തിലധിഷ്‌ഠിതമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗശാസ്‌ത്രം വഹിക്കുന്ന പങ്ക്‌ വലുതാണ്‌.

അമിതഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കുകയും രോഗത്തെ വിളിച്ചുവരുത്തുകയും ചെയ്യുന്നു. മത്സ്യം, മാംസം, മുട്ട എന്നീ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മാത്രമേ ബുദ്ധിയും ശക്‌തിയും ഉണ്ടാകുകയുള്ളൂ എന്നൊരു ധാരണയുണ്ട്‌. അത്‌ തെറ്റാണ്‌. ഇതുമൂലം രോഗങ്ങള്‍ കൂടുകയും വയറിന്റെ താളം തെറ്റുകയും ചെയ്യുന്നു. സസ്യാഹാരം കഴിക്കുന്നവരില്‍ രോഗങ്ങളും പ്രത്യേകിച്ച്‌ ഉദരസംബന്ധമായ രോഗങ്ങള്‍ കുറവാണ്‌. നമ്മുടെ ചിന്ത, സ്വഭാവം മുതലായവ ഉടലെടുക്കുന്നതും ഭക്ഷണത്തില്‍നിന്നാണ്‌. മൃഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്‌ മനസിലാക്കാവുന്നതാണ്‌. പശു, കാള, പോത്ത്‌, ആട്‌, മുയല്‍ മുതലായ മൃഗങ്ങള്‍ ശാന്തസ്വഭാവമുള്ളവയാണ്‌. അതേപോലെ മാംസഭുക്കുകളായ സിംഹം, കരടി, കടുവ, പുലി മുതലായ മൃഗങ്ങളെ ശ്രദ്ധിച്ചാല്‍ മനസിലാകും അവയുടെ സ്വഭാവം. അതുകൊണ്ട്‌ വ്യായാമം മാത്രം പോര,
ഭക്ഷണനിയന്ത്രണവും പ്രധാന ഘടകമാണ്‌. ജീവിതവും

മനസിനും ശരീരത്തിനും ഉണര്‍വും ഊര്‍ജവും പകരുന്ന യോഗ ആധുനിക ജീവിതത്തില്‍ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌...

രോഗരഹിതവും സുദൃഢവുമായ ശരീരമാണ്‌ ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷകപൂര്‍ണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ്‌ വ്യായാമവും. ഇതിന്‌ ഏറ്റവും ഉത്തമമായ ഭാരതത്തനിമയുള്ള വ്യായാമ ശാസ്‌ത്രമാണ്‌ യോഗ. ബുദ്ധിവികാസത്തിനും കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്‌തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന്‌ ആചാര്യന്‍മാര്‍ വ്യക്‌തമാക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമാണ്‌. ജീവിതത്തിലെ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നത്‌ ശരീരമനസുകളാണ്‌. അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും മനസിനും ഉണ്ടായിരിക്കണം. സാധാരണയായി രോഗത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്‌. അതേപോലെ മരണത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ ജീവിതത്തെപ്പറ്റിയും ചിന്തിക്കുന്നത്‌. ഇന്ന്‌ നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും മൂലകാരണം പ്രകൃതിയുടെ അടിസ്‌ഥാനതത്വങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കാത്തതാണ്‌. ഇതുവരെയുള്ള നമ്മുടെ ചിന്ത, വാക്ക്‌, പ്രവൃത്തി ഇവയുടെ ആകെത്തുകയാണ്‌ ഇന്നത്തെ നമ്മുടെ ജീവിതം. നല്ല വിചാരം, നല്ല വാക്ക്‌, നല്ല പ്രവൃത്തി, നിഷ്‌ക്കാമകര്‍മ്മം, സേവനമനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്‌ടിപ്പെടുത്തുന്നു. ശക്‌തിയുടെ ഉറവിടം മനസാണ്‌. മനസില്‍നിന്നാണ്‌ ശരീരം ശക്‌തിസംഭരിക്കുന്നത്‌. മനസ്‌ ബലഹീനമായാല്‍ ശരീരവും ക്ഷീണിക്കും. പ്രതികൂലപരിതസ്‌ഥിതികളും അനുഭവങ്ങളും മനോമണ്ഡലത്തില്‍ പരത്തുന്ന ഛായാപടലങ്ങളാണ്‌ മനോവേദനയ്‌ക്കും മനസിന്റെ ക്ഷീണത്തിനും മൂലഹേതു.

തത്വബോധവും യുക്‌തിവിചാരവും എന്ന്‌ ഉടലെടുക്കുന്നുവോ അന്നേ നമ്മള്‍ ഇവയില്‍നിന്നെല്ലാം മോചിതരാകുകയുള്ളൂ. ഏത്‌ രോഗത്തെയും നിര്‍മ്മാര്‍ജ്‌ജനം ചെയ്യുന്നതിനുള്ള ആന്തരികശക്‌തികള്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്നുണ്ട്‌. അവയെ ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചിട്ടകള്‍ നാം അവലംബിക്കണമെന്നു മാത്രം. ഇവിടെയാണ്‌ യോഗയുടെ പ്രയോജനവും പ്രസക്‌തിയും നാം അറിയുന്നത്‌.

അമിതഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കുകയും രോഗത്തെ വിളിച്ചുവരുത്തുകയും ചെയ്യുന്നു. മത്സ്യം, മാംസം, മുട്ട എന്നീ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മാത്രമേ ബുദ്ധിയും ശക്‌തിയും ഉണ്ടാകുകയുള്ളൂ എന്നൊരു ധാരണയുണ്ട്‌. അത്‌ തെറ്റാണ്‌. ഇതുമൂലം രോഗങ്ങള്‍ കൂടുകയും വയറിന്റെ താളം തെറ്റുകയും ചെയ്യുന്നു. സസ്യാഹാരം കഴിക്കുന്നവരില്‍ രോഗങ്ങളും പ്രത്യേകിച്ച്‌ ഉദരസംബന്ധമായ രോഗങ്ങള്‍ കുറവാണ്‌. നമ്മുടെ ചിന്ത, സ്വഭാവം മുതലായവ ഉടലെടുക്കുന്നതും ഭക്ഷണത്തില്‍നിന്നാണ്‌. മൃഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്‌ മനസിലാക്കാവുന്നതാണ്‌. പശു, കാള, പോത്ത്‌, ആട്‌, മുയല്‍ മുതലായ മൃഗങ്ങള്‍ ശാന്തസ്വഭാവമുള്ളവയാണ്‌. അതേപോലെ മാംസഭുക്കുകളായ സിംഹം, കരടി, കടുവ, പുലി മുതലായ മൃഗങ്ങളെ ശ്രദ്ധിച്ചാല്‍ മനസിലാകും അവയുടെ സ്വഭാവം. അതുകൊണ്ട്‌ വ്യായാമം മാത്രം പോര,
ഭക്ഷണനിയന്ത്രണവും പ്രധാന ഘടകമാണ്‌.