2018, മാർച്ച് 24, ശനിയാഴ്‌ച

ബ്രഹ്മഗുപ്തൻ


ബ്രഹ്മഗുപ്തൻ

(ഗണിതശാസ്‌ത്രജ്ഞൻ)

പൂജ്യമുപയോഗിച്ചുള്ള ക്രിയകള്ക്ക് ‌ ആദ്യമായി നിയമങ്ങളുണ്ടാക്കിയ ഗണിതശാസ്‌ത്രജ്ഞനാണ്‌ ബ്രഹ്മഗുപ്തൻ.ഒരു ജ്യോതിശ്ശാസ്ത്രജ്ഞ -നെന്നതിലുപരി, ഇന്ത്യ കണ്ട ഏറ്റവും വലിയ ഗണിത ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ബ്രഹ്മഗുപ്തൻ.ന്യൂമറിക്കൽ അനാലിസിസ്‌ എന്നറിയപ്പെടുന്ന ഗണിതശാസ്‌ത്ര ശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനിൽ നിന്നാണെന്നു കരുതപ്പെടുന്നു. ഗണകചക്രചൂഢാമണി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. ചാപരാജ വംശത്തിൽപ്പെട്ട വ്യാഘ്രമുഖ രാജാവിന്റെ കൊട്ടാരസദസ്സിലെ ജ്യോതിഷിയായിരുന്നു അദ്ദേഹം.

ലോകമെമ്പാടും എക്കാലവും ആദരിക്കപ്പെടെണ്ട ഭാരതീയ ഗണിതശാസ്ത്രാചാര്യന്‍ ബ്രഹ്മഗുപ്തൻ, 598-ൽ ഇന്നത്തെ രാജസ്ഥാനിലെ ഭിൻമാലിലാണ് (മുൻപ് ഭില്ലമാല) ജനിച്ചതെന്ന് കരുതപ്പെടുന്നു. പിതാവ് ജിഷ്ണുഗുപ്തൻ. പുരാതന ഇന്ത്യയിലെ പ്രമുഖ സാംസ്കാരികകേന്ദ്രമായിരുന്ന ഉജ്ജയനിയിലാണ് വിദ്യാഭ്യാസം ചെയ്തത്.

അങ്കഗണിതത്തെയും ബീജഗണിതത്തെയും വേര്‍തിരിച്ച് പഠനമാരംഭിച്ച ബ്രഹ്മഗുപ്തന്റെ ഏറ്റവും പ്രധാനകൃതി തന്റെ‍ മുപ്പതാമത്തെ വയസ്സില്‍ രചിച്ച ബ്രഹ്മസ്ഫുടസിദ്ധാന്തമാണ്. അങ്കഗണിതം, ത്രികോണമിതി, ബീജഗണിതം, വൃത്തങ്ങള്‍, ഛായാ പ്രശ്നങ്ങള്‍ തുടങ്ങിയവ പരാമര്ശി്ക്കുന്നു. അറബിയുൾപ്പെടെ ഒട്ടേറെ വിദേശഭാഷകളിലേക്ക്‌ ഇത്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രുഥൂദകസ്വാമി, ശ്രീദത, ഭട്ടോദ്പലൻ, ആത്മരാജ തുടങ്ങിയവർ ബ്രഹ്മസ്ഫുടസിദ്ധാന്തതിനു വ്യാഖ്യാനങ്ങൾ എഴുതി. ഇതിൽ 860-ആമാണ്ടിൽ പൃഥുകസ്വാമി എഴുതിയ വ്യാഖ്യാനത്തിലാണ് ബീജഗണിതം എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. അക്കാലംവരെ ബീജഗണിതം അറിയപ്പെട്ടിരുന്നത് കുട്ടകം എന്ന പേരിലായിരുന്നു. 665-ആമാണ്ടിൽ രചിച്ച ഖണ്ഡഖാദ്യകം ബ്രഹ്മഗുപ്തന്റെ മറ്റൊരു രചനയാണ്. 712-775 കാലഘട്ടത്തിൽ ബാഗ്ദാദിലെ ഖലീഫയായിരുന്ന അബ്ബാസിദ് അൽ‌-മൻസൂർ ഭാരതീയഗണിത ശാസ്ത്രജ്ഞനായ കങ്കനെ ബഗ്ദാദിലേയ്ക്ക് ക്ഷണിചു. കങ്കന്റെ കൈവശമുണ്ടായിരുന്ന ബ്രഹ്മസ്ഫുടസിദ്ധാന്തം ഖലീഫയുടെ നിർ‌ദ്ദേശപ്രകാരം 770-ൽ അൽഫസാരി, സിന്ദ്-ഹിന്ദ് എന്ന പേരിൽ അറബിയിലേയ്ക്ക് തർജ്ജമ ചെയ്തു.

സങ്കലിതം, വ്യവകലിതം, ഗുണനം, ഭാഗഹാരം, വര്ഗ്ഗം , വര്ഗ്ഗഫമൂലം, ഘനം, ഘനമൂലം തുടങ്ങി നിരവധിയാണ് അദ്ദേഹത്തിന്റെ ഗണിതക്രിയകള്‍. മിശ്രകം, ശ്രേഢി, ക്ഷേത്രം, ഘാതം, ചിതി, ക്രാകാചികം, രാശി, ഛായാ എന്നിങ്ങനെയാണ് ബ്രഹ്മഗുപ്തന്‍ എട്ട് നിര്ണ്ണ യങ്ങള്ക്ക് പേര് നല്കിങയത്. വിസ്തീര്ണ്ണം , വികര്ണ്ണ ങ്ങളുടെ നീളം എന്നിവയ്ക്കുള്ള സൂത്രവാക്യങ്ങളും ത്രികൊണമിതിയിലെ ഏതാനും തത്വങ്ങളും അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.

പൂജ്യം ഒരു അളവിനോട്‌ കൂട്ടിച്ചേര്ക്കുകയോ കുറയ്ക്കുകയോ ചെയ്യുമ്പോള്‍ അളവിനു മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ബ്രഹ്മഗുപ്‌തന്‍ സിദ്ധാന്തിച്ചു. പൂജ്യത്തെ ഏതു സംഖ്യകൊണ്ട്‌ ഗുണിച്ചാലും പൂജ്യമേ കിട്ടൂ എന്നും, പൂജ്യം കൊണ്ട്‌ ഏത്‌ സംഖ്യയെ ഭാഗിച്ചാലും അനന്തമായിരിക്കും ഉത്തരമെന്നും ബ്രഹ്മഗുപ്‌തന്‍ കണ്ടെത്തിയിരുന്നു. പക്ഷേ, പൂജ്യത്തെ പൂജ്യം കൊണ്ട്‌ ഹരിച്ചാല്‍ പൂജ്യമായിരിക്കും എന്ന്‌ അദ്ദേഹം തെറ്റായി ധരിച്ചു. എന്നാല്‍ പൂജ്യത്തെ പൂജ്യം കൊണ്ട്‌ വിഭജിച്ചാല്‍ അനന്തത (ഇന്ഫ‍നിറ്റി) എന്ന് തെളിയിച്ചതും ഭാരതീയനായ ശ്രീനിവാസ രാമാനുജനാണ്.

ബ്രഹ്മഗുപ്തന്റെര സംഭാവനകൾ........

• ഗോളത്തിന്റെ വ്യാപ്തം കണ്ടു പിടിയ്ക്കുന്നതിനുള്ള സമവാക്യം കണ്ടെത്തി.

• ഒരു ശ്രേണിയിലെ ആദ്യ 'n' പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള സമവാക്യം കണ്ടെത്തി.

• വശങ്ങളുടെ നീളങ്ങളുമായി ബന്ധപ്പെടുത്തി സമത്രിഭുജം, സമദ്വിഭുജം, വിഷമത്രിഭുജം എന്നിങ്ങനെ ത്രികോണങ്ങളെ വർ‌ഗീകരിച്ചു. രണ്ടു വശങ്ങളും അവ കൂടിചേരുന്ന ബിന്ദുവിലൂടെ എതിർ വശത്തേയ്ക്കുള്ള ലംബവും പരിമേയ സംഖ്യകൾ ആണെങ്കിൽ അത്തരം ത്രികോണങ്ങൾ വരയ്ക്കേണ്ട രീതി ആദ്യമായി വിശദീകരിച്ചത് ബ്രഹ്മഗുപ്തനാണ്
(17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാചറ്റ്, കൺ‌ലീഫേ എന്നിവരുടെ പേരിലാണ് ഇത് ഇന്നു അറിയപ്പെടുന്നത്)

• വശങ്ങളുടെ നീളങ്ങൾ a,b,c,ആയിട്ടുള്ള ത്രികോണങ്ങളുടെ വിസ്തീർ‌ണം കാണാനുള്ള, 2s=a+b+c എന്ന സമവാക്യം രൂപവത്കരിച്ചതും ബ്രഹ്മഗുപ്തനാണ്‌. (ഇത് ഇന്നു ഹെറോയുടെ പേരിൽ അറിയപ്പെടുന്നു)

• പൂജ്യം കൊണ്ടുള്ള ഹരണം നിർ‌വചിയ്ക്കപ്പെട്ടിട്ടില്ല എന്ന ആശയം ആദ്യമായവതരിപ്പിച്ചു.

• 'പൈ' യുടെ മൂല്യം 22/7 ആണെന്നും പ്രായോഗികമായി 3 എന്നെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

• രണ്ടാം ഘാത അവ്യവസ്ഥിതസമവാക്യങ്ങളുടെ നിർദ്ധാരണത്തിനു മാർഗ്ഗം കണ്ടെത്തി

• ഗണിതശാസ്ത്രത്തിൽ ആദ്യമായി ഇന്റെർപൊളേഷൻ സമ്പ്രദായം അവതരിപ്പിചു (ഖണ്ഡഖാദ്യകം, അദ്ധ്യായം 9)

• പൂജ്യം എന്ന സംഖ്യയെ പറ്റി ആദ്യമായി പഠനം നടത്തി

• അനന്തം എന്ന ആശയത്തെ ഖച്ഛേദം എന്ന വാക്കു കൊണ്ടാണ് ഇദ്ദേഹം സൂചിപ്പിച്ചിരുന്നത്.

• കരണികളെ (surds)പറ്റി പഠനം നടത്തി.

• 1x2+m2=y2 എന്ന രീതീലുള്ള അനിർദ്ധാര്യസമീകരണങ്ങളുടെ മൂല്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ബ്രഹ്മഗുപ്തന്റെ ബ്രഹ്മസ്ഫുടസിദ്ധാന്തം ഉള്‍പ്പെടെ ഭാരതീയ പണ്ഡിതരുടെ സംസ്കൃത ഗണിത ജ്യോതിശാസ്ത്രഗ്രന്ഥങ്ങളും അറബി, ഗ്രീക്ക്ക് മുതലായ ഭാഷകളിലേക്ക്‌ തര്ജ്ജഅമ ചെയ്തിരുന്നു... അങ്ങനെ ഒട്ടുമിക്ക ഭാരതീയ ശാസ്ത്രനേട്ടങ്ങളും, ഗണിതസിദ്ധാന്തങ്ങളും പാശ്ചാത്യരുടെ പേരിലാണ് ഇന്നറിയപ്പെടുന്നത്..! എങ്കിലും ഭാരതീയ വിജ്ഞാനത്തിന്റെ ആഴത്തെ ലോകത്തിനു ഒരിക്കലും വിസ്മരിക്കുവാന്‍ കഴിയില്ല..!!

ഗണിതശാസ്ത്രപണ്ഡിതന്‍ ബ്രഹ്മഗുപ്തൻ 660-ല്‍ ലോകത്തോട് വിടപറഞ്ഞു. അത്ഭുതപ്രതിഭയ്ക്ക് മുന്‍പില്‍ ആദരവോടും അഭിമാനത്തോടും പ്രണാമം അര്പ്പി്ക്കാം.

സ്വാമി വിവേകാനന്ദൻ


സ്വാമി വിവേകാനന്ദൻ

(ഭാരതാദർശനം ലോകത്തിന് മുന്നിൽ എത്തിച്ച സ്വാമി വിവേകാനന്ദന്റെ നൂറ്റിഅമ്പത്തിയൊന്നാം ജന്മദിനം പ്രമാണിച്ച്)

1863 ജനവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. കൊല്‍ക്കത്തയില്‍ നിയമപണ്ഡിതനും വക്കീലുമായ വിശ്വനാഥ് ദത്തയും വിദ്യാസമ്പന്നയും ഇതിഹാസ പുരാണാദികളില്‍ പണ്ഡിതയുമായ ഭുവനേശ്വരിയുമാണ് നരേന്ദ്രനാഥ് ദത്തയുടെ മാതാപിതാക്കള്‍. നരേന്ദ്രന്‍, നരേന്‍ എന്നൊക്കെ നരേന്ദ്രനാഥിനെ അടുപ്പമുള്ളവര്‍ വിളിച്ചു. കുട്ടിക്കാലത്തുതന്നെ സ്‌നേഹവും ദയയും ഹൃദയത്തിലേറ്റിയ നരേന്ദ്രന്‍ പാവപ്പെട്ടവര്‍ക്കും സന്ന്യാസിമാര്‍ക്കും കൈയിലുള്ളതെന്തും നല്‍കുന്ന സ്വഭാവക്കാരനായിരുന്നു. ഒരിക്കല്‍ കേട്ടതൊന്നും മറക്കാത്ത രീതിയില്‍ അപാരമായ ഓര്‍മശക്തി ബാല്യത്തിലേ നരേന്ദ്രനുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം നരേന്ദ്രനില്‍ ഉടലെടുത്തു. അതിനായി ശിവനെ ധ്യാനിക്കുക പതിവായി. അങ്ങനെ ഏകാഗ്രമായ ധ്യാനം കുട്ടിക്കാലത്തുതന്നെ നരേന്ദ്രനു സ്വന്തമായി.

വീട്ടിലെത്തി ഒരു ട്യൂട്ടറാണ് പ്രാഥമിക പാഠങ്ങള്‍ നരേന്ദ്രനെ പഠിപ്പിച്ചത്. ഏഴാം വയസ്സില്‍ (1870) നരേന്ദ്രനെ മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ ചേര്‍ത്തു. 1879-ല്‍ ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഒന്നാംക്ലാസ്സില്‍ വിജയിച്ച് നരേന്ദ്രന്‍ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം ജനറല്‍ അസംബ്ലീസ് ഇന്‍സ്റ്റിറ്റിയൂഷനില്‍ (പില്‍ക്കാലത്ത് സ്‌കോട്ടിഷ് ചര്‍ച്ച് കോളേജ്) ചേര്‍ന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിര്‍ത്തിരുന്ന ബ്രഹ്മസമാജത്തിന്റെ പുരോഗമനാശയങ്ങളിലാകൃഷ്ടനായ നരേന്ദ്രന്‍ സമാജം പ്രവര്‍ത്തകനായി. അനുഗൃഹീതമായ മധുരശബ്ദത്തിനുടമയായിരുന്നു സ്വാമി വിവേകാനന്ദന്‍. ഉപകരണസംഗീതവും വായ്പ്പാട്ടും, ഹിന്ദി-ഉര്‍ദു-പേര്‍ഷ്യന്‍ ഗീതങ്ങളും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. പ്രപഞ്ചത്തെയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്സ്.

ഈശ്വരനെ കാണാന്‍ കഴിയുമോ? കണ്ടവരുണ്ടോ? എങ്ങനെയാണ് കാണാന്‍ കഴിയുക തുടങ്ങിയ വിഷയങ്ങള്‍ കുട്ടുകാരുമായും അധ്യാപകരുമായും ചര്‍ച്ചചെയ്തു. ഇംഗ്ലീഷ് അധ്യാപകനായ ഹേസ്റ്റിയില്‍ നിന്നാണ് നരേന്ദ്രന്‍ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ച് കേള്‍ക്കുന്നത്. ബന്ധുവായ രാമചന്ദ്രദത്തയാണ് ദക്ഷിണേശ്വരത്തു പോയി ശ്രീരാമകൃഷ്ണനെ കാണാന്‍ നിര്‍ദേശിച്ചത്. 1881-ല്‍ നരേന്ദ്രന്റെ അയല്‍വാസിയായ സുരേന്ദ്രനാഥ് മിത്രയുടെ വീട്ടില്‍ ശ്രീരാമകൃഷ്ണന്‍ വന്നിരുന്നു. മിത്രയുടെ ക്ഷണപ്രകാരമെത്തിയ നരേന്ദ്രന്‍ ശ്രീരാമകൃഷ്ണനുവേണ്ടി ഒരു കീര്‍ത്തനം പാടി. സംപ്രീതനായ ശ്രീരാമകൃഷ്ണന്‍ 'ഒരു ദിവസം ദക്ഷിണേശ്വരത്തേക്കു വരൂ' എന്ന് ക്ഷണിച്ചിട്ടാണ് പോയത്. വൈകാതെ ചില കൂട്ടുകാരുമൊത്ത് ദക്ഷിണേശ്വരത്തു ചെന്ന നരേന്ദ്രനെ ഏറെ നാളായി പ്രതീക്ഷിച്ചിരിക്കുന്നതുപോലെ ശ്രീരാമകൃഷ്ണന്‍ സ്വീകരിച്ചു.

ഈശ്വരനെ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിന്, 'ഈശ്വരദര്‍ശനത്തിനുവേണ്ടി ആത്മാര്‍ഥമായി കേഴുന്നവനു മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല' എന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ സന്ദര്‍ശനം. താനന്വേഷിക്കുന്ന ആത്മീയഗുരുവിനെ ശ്രീരാമകൃഷ്ണനില്‍ നരേന്ദ്രന്‍ കണ്ടെത്തി. ക്രമേണ സ്വയം സമര്‍പ്പിച്ച് ഗുരുവിന്റെ പ്രിയശിഷ്യനായി മാറി. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനില്‍ സ്വന്തം പിന്‍ഗാമിയെയാണ് കണ്ടെത്തിയത്. 'സകല മാലിന്യങ്ങളെയും ഭസ്മീകരിക്കാന്‍ കഴിയുന്ന അഗ്‌നിയാണയാള്‍' എന്നാണ് ശ്രീരാമകൃഷ്ണന്‍ നരേന്ദ്രനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

1884-ല്‍ നരേന്ദ്രന്‍ ബി.എയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛന്‍ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ചുമതല നരേന്ദ്രനിലായി. സമ്പാദ്യങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ കുടുംബം പട്ടിണിയിലായി. ഒരു തൊഴില്‍ തേടി നരേന്ദ്രന്‍ അലഞ്ഞുതിരിഞ്ഞു. കിട്ടിയ തൊഴിലുകളൊന്നും കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാന്‍ പര്യാപ്തമായിരുന്നില്ല. ഈശ്വരസേവയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ച അമ്മപോലും ദൈവത്തെ നിന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. കരുണാമയനായ ഒരു ഈശ്വരനുണ്ടെങ്കില്‍ നല്ലവരും ഭക്തരുമായ അനേകംപേര്‍ പട്ടിണികിടക്കുന്നതെന്തിനെന്നാലോചിച്ച് നരേന്ദ്രന്‍ നിരീശ്വരവാദിയായി.

ഒടുവില്‍ വഴിതേടി, ഗുരുവിന്റെ അടുക്കല്‍ വന്ന നരേന്ദ്രനോട് പ്രാര്‍ഥിക്കാനാണ് ഗുരു നിര്‍ദേശിച്ചത്. എന്നാല്‍ കാളീക്ഷേത്രത്തില്‍ പോയ നരേന്ദ്രന്‍ 'ഭക്തി നല്‍കിയാലും, ജ്ഞാനമരുളിയാലും, വൈരാഗ്യമേകിയാലും' എന്നാണ് പ്രാര്‍ഥിച്ചത്. മറ്റൊന്നും ആവശ്യപ്പെടാന്‍ നരേന്ദ്രനായില്ല. സന്തുഷ്ടനായ ഗുരു കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അനുഗ്രഹമേകിയത്രേ.

1886-ല്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ സമാധിയായി. ഗംഗാതീരത്ത് ശരീരം സംസ്‌കരിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തില്‍ ശിഷ്യന്മാര്‍ തീരുമാനിച്ചു. ശ്രീരാമകൃഷ്ണ ഭക്തനായ സുരേന്ദ്രനാഥ് മിത്രയുടെ സാമ്പത്തികസഹായത്തോടെ കൊല്‍ക്കത്തയ്ക്കും ദക്ഷിണേശ്വരത്തിനും മധ്യേ വരാഹനഗരത്തില്‍ പഴയൊരു കെട്ടിടം വാടകയ്‌ക്കെടുത്ത് ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.

ബെല്‍ഗം, ബാംഗ്ലൂര്‍ വഴി സഞ്ചരിച്ച് വിവേകാനന്ദന്‍ - കേരളത്തില്‍ ആദ്യമായി ഷൊര്‍ണൂരില്‍ കാലുകുത്തി. കൊച്ചി ദിവാനായിരുന്ന ശങ്കരയ്യരുടെ കൂടെ കുറച്ചുനാള്‍ താമസിച്ചു. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരത്ത് രാജാവിന്റെ മരുമകന്റെ ട്യൂട്ടറായിരുന്ന സുന്ദരരാമയ്യര്‍ക്കൊപ്പമായിരുന്നു താമസം. കേരളത്തിലെ ജാതിതിരിവുകളിലും തീണ്ടല്‍ തൊടീല്‍പോലുള്ള അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അസ്വസ്ഥനായ വിവേകാനന്ദന്‍ 'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന് നപ്രസ്താവിച്ചു.

1892-ല്‍ തിരുവനന്തപുരത്തുനിന്ന് രാമേശ്വരം വഴി കന്യാകുമാരിയിലെത്തി. ഹിമാലയം മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച വിവേകാനന്ദന്‍ കണ്ടത് മഹത്തായൊരു രാജ്യത്തിന്റെ ശോചനീയമായ അവസ്ഥയാണ്.

അമേരിക്കന്‍ പര്യടനത്തിനു വേണ്ട പണം പരിച്ചുകൊണ്ട് ശിഷ്യന്മാരെത്തിയപ്പോള്‍ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനാണ് വിവേകാനന്ദന്‍ ആവശ്യപ്പെട്ടത്. വിവേകാനന്ദന്റെ ശിഷ്യനായ ഖെത്രി രാജാവാണ് അമേരിക്കന്‍ പര്യടനത്തിന് സ്വാമിജിയെ നിര്‍ബന്ധിച്ചത്. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരമാണ് വിവേകാനന്ദന്‍ എന്ന പേര് സ്ഥിരമായി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

1893 മെയ് 31ന് ഖെത്രി രാജാവ് നല്‍കിയ ഫസ്റ്റ്ക്ലാസ് ടിക്കറ്റില്‍ എസ്.എസ് പെനിന്‍സുലാര്‍ എന്ന കപ്പലില്‍ മുംബൈ തുറമുഖത്തുനിന്ന് അമേരിക്കന്‍ പര്യടനത്തിനുള്ള ജൈത്രയാത്ര സ്വാമിജി ആരംഭിച്ചു. സിംഗപ്പൂര്‍, ഹോങ്കോങ്, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ യാത്രക്കിടെ സന്ദര്‍ശിച്ചു. കാനഡയിലെ വാന്‍കൂവറില്‍നിന്ന് തീവണ്ടിമാര്‍ഗമാണ് സ്വാമിജി ഷിക്കാഗോയിലെത്തിയത്.

വിശ്വമേളയുടെ അന്വേഷണവിഭാഗത്തിലന്വേഷിച്ച സ്വാമിജിക്ക്, 'മതസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല' എന്ന മറുപടിയാണ് ലഭിച്ചത്. കൈയില്‍ പണമില്ലാതെ അലഞ്ഞ വിവേകാനന്ദനെ ധനികയായ ഒരു വനിതയാണ് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ ഗ്രീക്ക് പ്രൊഫസറായ ജെ.എച്ച്.റൈറ്റിനെ പരിചയപ്പെടുത്തിയത്.

മതമഹാസമ്മേളനത്തിന്റെ നിര്‍വാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസര്‍മാരെയും ഒന്നിച്ചുചേര്‍ത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സമ്മേളനത്തില്‍ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്.

1893 സപ്തംബറില്‍ സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയിലെ കൊളംബസ് ഹാളില്‍ നടത്തിയ പ്രഭാഷണം അക്ഷരാര്‍ഥത്തില്‍ അമേരിക്കന്‍ ചേതനയെ കുലുക്കിയുണര്‍ത്തി. അടുത്ത ദിവസത്തെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ വിവേകാനന്ദന്റെ പ്രഭാഷണവും ചിത്രവും പ്രസിദ്ധപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനവേദിയില്‍ വിവേകാനന്ദന്‍ പന്ത്രണ്ടോളം പ്രഭാഷണങ്ങള്‍ നടത്തി.

1894-ല്‍ സ്വാമിജി ന്യൂയോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895-ല്‍ വിവേകാനന്ദന്‍ ഫ്രാന്‍സ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനില്‍ മിസ് മുള്ളറും മിസ്റ്റര്‍ സ്റ്റര്‍ഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോര്‍ക്കിലേക്കു പോയി. 'കര്‍മയോഗ'ത്തെക്കുറിച്ച് ന്യൂയോര്‍ക്കില്‍ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. ഇംഗ്ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ അഭേദാനന്ദ സ്വാമിയെയും അമേരിക്കയിലേത് ശാരദാനന്ദ സ്വാമികളെയും സ്വാമി വിവേകാനന്ദന്‍ ഏല്പിച്ചു.

1897 ജനവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോ തുറമുഖത്തെത്തി. കൊളംബോയില്‍നിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനില്‍ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതമക്കളില്‍നിന്ന് വന്‍സ്വീകരണമായിരുന്നു ലഭിച്ചത്.

രാമനാട്, മധുര, തിരുച്ചി, കുംഭകോണം വഴി മദ്രാസിലെത്തിയ സ്വാമിജി, 'ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം' എന്ന പ്രധാന വിഷയത്തിലൂന്നി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഒരു പ്രവചനംപോലെ സ്വാമിജി ഇപ്രകാരം പറഞ്ഞു: 'ഇനി അമ്പതു കൊല്ലത്തേക്ക് അമ്മയായ മാതൃഭൂമി മാത്രമായിരിക്കണം ഭാരതീയരുടെ ആരാധ്യദേവത. കഥയില്ലാത്ത മറ്റ് ഈശ്വരന്മാരൊക്കെ നമ്മുടെ മനസ്സില്‍നിന്നു മാഞ്ഞുപോകട്ടെ.'

മദ്രാസില്‍നിന്ന് സ്വാമിജി കടല്‍മാര്‍ഗം കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്തയിലെത്തിയ സ്വാമിജി ആലം ബസാറിലെ സന്ന്യാസിമഠത്തില്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. സന്ന്യാസിമാരെ ലോകസേവനത്തിനായി പലയിടങ്ങളിലേക്കയച്ചു.

ബാഗ് ബസാറില്‍ നിവേദിത വിദ്യാലയം എന്ന സ്ഥാപനം സ്ഥാപിച്ചു. പില്‍ക്കാലത്ത് സ്ത്രീകള്‍ക്കു മാത്രമായി ശാരദാമഠം സ്ഥാപിക്കപ്പെട്ടു.

ആസ്ത്മയുടെ ആക്രമണവും അവിശ്രമമായ പ്രവര്‍ത്തനവും കാരണം വിവേകാനന്ദന്റെ ആരോഗ്യം തകര്‍ന്നിരുന്നു. അനാരോഗ്യം മറച്ചുവെച്ച് പടിഞ്ഞാറന്‍ നാടുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തുരീയാനന്ദന്‍, സിസ്റ്റര്‍ നിവേദിത എന്നിവര്‍ക്കൊപ്പം 1899-ല്‍ ലണ്ടനിലേക്കു പോയി.

കുറച്ചുകാലം ലണ്ടനില്‍ ചെലവഴിച്ചശേഷം സ്വാമിജി അമേരിക്കയിലേക്കു പോയി. ഷിക്കാഗോയില്‍നിന്ന് 1900ത്തില്‍ പാരീസിലെത്തി. അവിടെ യൂണിവേഴ്‌സല്‍ എക്‌സ്‌പൊസിഷനോടനുബന്ധിച്ച് നടന്ന മതചരിത്ര മഹാസഭയില്‍ സംസാരിച്ചു.

തുടര്‍ന്ന് സ്വാമിജി വിയന്ന, ഏഥന്‍സ്, കെയ്‌റോ വഴി ഇന്ത്യയിലെത്തി. രോഗം മൂര്‍ച്ഛിച്ച ആ അവസ്ഥയിലും വിവേകാനന്ദന്‍ വിശ്രമമില്ലാതെ ഇന്ത്യയെങ്ങും സഞ്ചരിച്ചു. മഠാധിപതിയുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചു.

ദരിദ്രരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുമ്പോഴാണ് സ്വാമി വിവേകാനന്ദന്‍ ഏറ്റവുമേറെ സംതൃപ്തിയനുഭവിച്ചത്. സര്‍വസംഗ പരിത്യാഗം, നിരപേക്ഷമായ കര്‍മം, വേദാന്ത ധര്‍മം എന്നിവയാണ് വിവേകാനന്ദ സന്ദേശത്തിലെ മുഖ്യ വിഷയങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ മന്ദ്രമധുരഗാനം ഭാരതം ആദ്യമായി ശ്രവിച്ചത് ആ ധീരമൊഴികളിലാണ്. ഒരു പരിവ്രാജകനായിട്ടും അദ്ദേഹം ഭാരതത്തിന്റെ സര്‍വതോന്മുഖമായ അഭിവൃദ്ധിക്കായി ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്തു. ലോകത്തെ സേവിക്കുക, സത്യത്തെ കണ്ടെത്തുക എന്നുള്ളതായിരിക്കണം ഒരു സന്ന്യാസിയുടെ രണ്ടു പ്രതിജ്ഞകളെന്ന് അദ്ദേഹം വിശ്വസിച്ചു. 1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രി സ്വാമി വിവേകാനന്ദന്‍ സമാധിയടഞ്ഞു.

2018, മാർച്ച് 22, വ്യാഴാഴ്‌ച

കര്‍ണനു കിട്ടിയ ശാപം


കര്‍ണനു കിട്ടിയ ശാപം

ഹസ്തിനപുരിയില്‍ കൗരവന്മാരെയും പാണ്ഡവന്മാരെയും ദ്രോണാചാര്യര്‍ ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാന്‍ കൊതിച്ച് സൂതപുത്രനായ കര്‍ണനും ദ്രോണരുടെ ശിഷ്യനായി ചേര്‍ന്നു.
എല്ലാ കാര്യങ്ങളിലും കര്‍ണന്‍ അര്‍ജുനനോടൊപ്പമായിരുന്നു. അര്‍ജുനനോട് കൂടുതല്‍ വാത്സല്യമുള്ള ദ്രോണര്‍, അര്‍ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു കൊടുത്തു. അപ്പോള്‍ കര്‍ണന്‍ തനിക്കും ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. പക്ഷേ, ദ്രോണര്‍ പറഞ്ഞു: ''നീ ക്ഷത്രിയനല്ലല്ലോ. ക്ഷത്രിയന്മാര്‍ക്കും ബ്രാഹ്മണശ്രേഷ്ഠന്മാര്‍ക്കും മാത്രമേ ബ്രഹ്മാസ്ത്രവിദ്യ പഠിക്കാന്‍ പാടുള്ളൂ!''

നിരാശനാകാതെ കര്‍ണന്‍ ആ അത്യപൂര്‍വമായ വിദ്യ പഠിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു. മഹേന്ദ്രഗിരിയില്‍ താമസിക്കുന്ന പരശുരാമന്‍ ബ്രാഹ്മണബാലന്മാരെ ആയുധവിദ്യ ശീലിപ്പിക്കുന്നുണ്ടെന്ന് കര്‍ണന്‍ അറിഞ്ഞു. വൈകാതെ കര്‍ണന്‍ ഒരു ബ്രാഹ്മണബാലന്റെ വേഷത്തില്‍ പരശുരാമനെ ചെന്നുകണ്ടു. താന്‍ പരശുരാമന്റെ സ്വന്തം കുലമായ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണബാലനാണെന്നും തന്നെയും അസ്ത്രാഭ്യാസം ചെയ്യിക്കണമെന്നും അപേക്ഷിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ കര്‍ണനെ പരശുരാമന് ഇഷ്ടമായി. അദ്ദേഹം അതുവരെ മറ്റാര്‍ക്കും പറഞ്ഞുകൊടുക്കാതിരുന്ന പല വിദ്യകളും കര്‍ണനെ പഠിപ്പിച്ചു.

ഒരു ദിവസം ആശ്രമത്തിനടുത്ത് വില്ലും അമ്പുമെടുത്ത് തന്നെത്താന്‍ പരിശീലിച്ചുകൊണ്ടിരുന്ന കര്‍ണന്‍ മാനാണെന്നു കരുതി ഒരു മഹര്‍ഷിയുടെ പശുവിനെ അമ്പെയ്തു കൊന്നു! അതറിഞ്ഞ മഹര്‍ഷി കര്‍ണനെ ശപിച്ചു: ''നീ തോല്‍പിക്കാന്‍ ശ്രമിക്കുന്ന ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിന്റെ തേര്‍ച്ചക്രങ്ങള്‍ ഭൂമിയില്‍ താണുപോവും. ആ സമയത്ത് ശത്രു നിന്നെ കൊന്നുകളയുകയും ചെയ്യും!'' കര്‍ണന്‍ ശാപമോക്ഷത്തിന് യാചിച്ചുവെങ്കിലും മഹര്‍ഷി കനിഞ്ഞില്ല.

പരശുരാമന്‍ അതൊന്നും അറിഞ്ഞില്ല. മിടുക്കനായ ശിഷ്യനോട് വാത്സല്യം തോന്നിയ അദ്ദേഹം കര്‍ണന് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചു.

ഒരു ദിവസം ആശ്രമത്തിന്റെ ഇറയത്ത് കര്‍ണന്റെ മടിയില്‍ തലവെച്ച് പരശുരാമന്‍ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഒരു വലിയ വണ്ട് എവിടെനിന്നോ പറന്നെത്തി കര്‍ണന്റെ തുട തന്റെ കൂര്‍ത്ത കൊമ്പുകള്‍കൊണ്ട് തുളച്ചു തുടങ്ങി. സഹിക്കാന്‍ വയ്യാത്ത വേദനയുണ്ടായെങ്കിലും ഗുരുവിന്റെ ഉറക്കത്തിന് തടസ്സം വരരുതെന്നു കരുതി കര്‍ണന്‍ വേദന സഹിച്ചുകൊണ്ടിരുന്നു.

വണ്ട് തുളച്ചുതുളച്ച്കയറിയപ്പോള്‍ കര്‍ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോര ഒഴുകി പരശുരാമന്റെ ദേഹം നനഞ്ഞു. അദ്ദേഹം ഉണര്‍ന്നു. ''എന്തുപറ്റി, ഭാര്‍ഗവകുമാരാ?'', പരശുരാമന്‍ ചോദിച്ചു.
കര്‍ണന്‍ വണ്ടിനെ കാണിച്ചുകൊടുത്തു. പരശുരാമന്‍ നോക്കിയ ഉടന്‍ വണ്ട് ചത്തുവീണ് രാക്ഷസന്റെ രൂപമെടുത്തു. 'ദംശന്‍' എന്ന രാക്ഷസനായിരുന്നു അവന്‍. പണ്ട് ഭൃഗുമുനിയുടെ ഭാര്യയെ കട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച അവന്‍ മുനിശാപം മൂലം വണ്ടായിത്തീര്‍ന്നതായിരുന്നു.

ദംശന്‍പോയ ഉടന്‍ പരശുരാന്‍ കര്‍ണനോടു ചോദിച്ചു: ''യഥാര്‍ഥത്തില്‍ നീ ആരാണ്? ഇത്ര കടുത്ത വേദന സഹിക്കാനുളള കഴിവ് ബ്രാഹ്മണര്‍ക്കില്ല. ക്ഷത്രിയര്‍ക്കേ അതു സാധ്യമാവൂ. സത്യം പറയൂ!''
കര്‍ണന്‍ പരശുരാമന്റെ കാല്‍ക്കല്‍ വീണു: ''സൂതനായ അധിരഥന്റെയും രാധയുടെയും മകനായ കര്‍ണനാണ് ഞാന്‍. ബ്രഹ്മാസ്ത്രവിദ്യ അഭ്യസിക്കാനാണ് ഞാന്‍ കളവു പറഞ്ഞ് അങ്ങയുടെ ശിഷ്യനായത്. എന്നോടു ക്ഷമിക്കണം!''
പരശുരാമന്‍ കോപം സഹിക്കാനാകാതെ കര്‍ണനെ ശപിച്ചു: ''വഞ്ചകാ! നിന്റെ ശത്രുവിനോട് പോരിനു നില്‍ക്കുമ്പോള്‍ നിനക്ക് ഞാന്‍ പഠിപ്പിച്ച ആയുധവിദ്യകളൊന്നും ഓര്‍മ വരാതാകട്ടെ!''

കുറ്റബോധത്തോടെ തലകുനിച്ചിരുന്ന കര്‍ണനോട് സഹതാപം തോന്നി പരശുരാമന്‍ ഇങ്ങനെയും പറഞ്ഞു: ''നിന്നെപ്പോലെ വീരനും യോഗ്യനുമായി മാറ്റൊരു ക്ഷത്രിയനുണ്ടാവില്ലെന്ന് ഗുരുവെന്ന നിലയ്ക്ക് ഞാന്‍ അനുഗ്രഹിക്കുന്നു!''
പരശുരാമന്റെ ശാപവും അനുഗ്രഹവും വാങ്ങി സന്തോഷമില്ലാതെ കര്‍ണന്‍ ഹസ്തിനപുരിയില്‍ തിരിച്ചെത്തി.
പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനനോട് പോരാടുന്ന നേരത്ത് മഹര്‍ഷിയുടേയും പരശുരാമന്റേയും ശാപങ്ങള്‍ ഫലിക്കുകയും ചെയ്തു.

2018, മാർച്ച് 3, ശനിയാഴ്‌ച

ആര്യഭട്ടന്‍


ആര്യഭട്ടന്‍

ആര്യഭട്ടന്‍ ഒരു മലയാളിയോ...? ഹൈന്ദവ സസ്കാരം കേരളത്തിന്‌ നല്‍കിയ രത്നം ആണോ ആര്യഭാട്ടന്‍

AD 476-ല്‍ കേരളത്തിലെ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടന്‍ ജനിച്ചത്‌ എന്ന് പുരാതന രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. അശ്മകം  കൊടുങ്ങല്ലൂര്‍ ആണെന്ന് കരുതുന്നു. കേരളത്തിലെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം ആര്യഭടന്‍ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌ യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു. ഭാരതത്തിലെ പുരാതന വിദ്യാകേന്ദ്രമായിരുന്ന നളന്ദ സര്‍വ്വകലാശാല കുസുമപുരത്തായിരുന്നു.

അദ്ദേഹം തന്റെ കൃതിയായിരുന്ന ആര്യഭടീയം രചിച്ചത്‌ കുസുമപുരത്തുവച്ചായിരുന്നു. അതിനാല്‍ പേര്‍ഷ്യന്‍ ചിന്തകനായിരുന്ന അല്‍ബറൂണി 'കുസുമപുരത്തെ ആര്യഭടന്‍' എന്നാണ്‌ തന്റെ കൃതികളില്‍ പ്രയോഗിച്ചു കാണുന്നത്‌. ശ്രീ ഡി. ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സര്‍വ്വകലാശാലയുടെ കുലപതി(Vice chancellor) ആയിരുന്നു ആര്യഭടന്‍. ഗ്രീക്കു പുസ്തകങ്ങള്‍ പഠിച്ചാണ്‌ ആര്യഭടന്‍ തന്റെ ഗവേഷണഫലങ്ങള്‍ കണ്ടെത്തിയത്‌ എന്നാണ്‌ പാശ്ചാത്യ ചരിത്രകാരന്മാരുടെ അഭിപ്രായം, എന്നാല്‍ അക്കാലത്തെ ചുറ്റുപാടില്‍ ഗ്രീക്കുഭാഷ പഠിച്ച്‌ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ തന്നെ അത്തരമൊരു കൃതി രചിക്കാന്‍ കഴിയില്ലന്നാണ്‌ പൌരസ്ത്യചരിത്രകാരന്മാരുടെ വാദം. കൂടാതെ ആര്യഭടന്റെ കൃതിയിലെ പല കണ്ടുപിടിത്തങ്ങളും പാശ്ചാത്യര്‍ നൂറ്റാണ്ടുകള്‍ക്കുശേഷമാണ്‌ കണ്ടെത്തിയത്‌.

പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടന്‍. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌.

ആര്യഭടീയം
----------------------
ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടന്‍ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തില്‍ അതിനുമുന്‍പ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.
ആര്യഭടീയത്തില്‍ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ഗീതി രചിക്കപ്പെട്ടിട്ടുള്ള പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.

ഗീതികാപാദം

13 ശ്ലോകങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഗീതികാപാദം ദൈനംദിന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വസ്തുതകള്‍ പരാമര്‍ശിക്കുന്നു.

ഗണിതപാദം

33 ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന ഗണിതപാദത്തില്‍ സാമാന്യഗണിതം മുതല്‍ ഗഹനങ്ങളായ വിഷയങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വളരെ പ്രസിദ്ധങ്ങളായതിനാല്‍ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവ ഉപേക്ഷിച്ച്‌, വര്‍ഗ്ഗം മുതല്‍ ആണ്‌കണക്കുകള്‍ ആരംഭിച്ചിരിക്കുന്നത്‌.

കാലക്രിയാപാദം

25 ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിര്‍ണ്ണയമാണ്‌ വിഷയം. കാലചക്രം, സൌരവര്‍ഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങള്‍, ഗ്രഹങ്ങളുടെ ചലന ക്രമങ്ങള്‍, ഭൂമിയില്‍ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.
ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തില്‍ കാണുന്നത്‌ ഇപ്രകാരമാണ്‌,
ഒരു കല്‌പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വര്‍ഷം

ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌.

ഗോളപാദം

ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങള്‍ ഉള്ള ഇവിടെ ഗ്രഹങ്ങളെ കുറിച്ചുള്ള പഠങ്ങള്‍ കാണാം. നക്ഷത്രങ്ങളും ഗ്രഹങ്ങളും നീങ്ങുന്നതെന്തുകൊണ്ടാണ്‌ നീങ്ങുന്നതായി തോന്നുന്നത്‌ എന്ന് ആര്യഭടീയത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. ഭൂമിയുടെ ചുറ്റളവും, ഭൂമിയുടെ ഒരു ഭാഗത്ത്‌ സൂര്യനസ്തമിക്കുമ്പോള്‍ മറുഭാഗത്ത്‌ സൂര്യന്‍ ഉദിക്കും മുതലായ കണ്ടുപിടുത്ത- ങ്ങള്‍ എല്ലാം ഗോളപാദത്തില്‍ കാണാം.

ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങള്‍
------------------------------------------------
* π(പൈ) യുടെ മൂല്യം 3.1416 ആകുന്നു
* ത്രികോണമിതിയിലെ സൈന്‍(sine) പട്ടിക തയ്യാറാക്കാനുള്ള മാര്‍ഗം.
* ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം
* ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
ഭൂമിയുടെ ഭ്രമണത്തേയും ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം ഘനമൂലവും, വര്‍ഗ്ഗമൂലവും കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍

2018, മാർച്ച് 1, വ്യാഴാഴ്‌ച

കരിന്തണ്ടന്‍


വയനാട് ചുരം കണ്ടുപിടിച്ച കരിന്തണ്ടന്‍.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകന്‍, പക്ഷെ ചരിത്രം വളച്ചൊടിച്ച് പല തല്ലിപ്പൊളികളെയും മഹാന്മാരാക്കിയ സമയത്ത് കരിന്തണ്ടനെ പോലുള്ള യഥാര്‍ത്ഥ മഹാന്മാരെ നാം വിസ്മൃതിയില്‍ ആഴ്ത്തി.

നാടിനും നാട്ടുകാര്‍ക്കും നേരെ ഒട്ടേറെ ക്രൂരതകള്‍ കാണിച്ച, മലബാറിലെ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ടിപ്പുവിന്റെ പേരിന്റെ കൂടെ 'മഹാനായ' എന്ന് ചേര്‍ത്ത് വിളിച്ചു ശീലിച്ച ജനത അയാളെ ഉന്മൂലനം ചെയ്യാനും മൂന്ന് നൂറ്റാണ്ടായി കേരളത്തിലെ മലബാര്‍ മേഖലയെയും കര്ന്നാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്റെ പുറകിലെ ബുദ്ധി കേന്ദ്രവുമായ കരിന്തണ്ടനെ സൌകര്യ പൂര്‍വ്വം മറന്നു.

കോഴിക്കോട് താമരശ്ശേരി ചുരം നില്‍ക്കുന്നത് മൂന്ന് മലകളിലായാണ്. അതിന്റെ അടിവാരത്ത് ചിപ്പിലിത്തോട് ഭാഗത്തായിരുന്നു പണിയ കുടുംബത്തില്‍ ജനിച്ച കരിന്തണ്ടന്റെ വീട്.

കരിന്തണ്ടന്‍റെ നാടിനു മുകളില്‍ ഉള്ള മൂന്ന് മലകള്‍ തന്നെയായിരുന്നു ഭാരതത്തെ നന്നായി കൊള്ളയടിച്ച ബ്രിട്ടീഷുകാര്‍ക്ക് മൈസൂരില്‍ പോയി ടിപ്പുവിനെ ഒതുക്കാനും ഉള്ള തടസ്സം. മലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു പാത വെട്ടി കോഴിക്കോട് നിന്നും സേനയെ മൈസൂരില്‍ എത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ പണികള്‍ പലതും നോക്കി. എന്നാല്‍ റോഡിനു വേണ്ടി സര്‍വേ നടത്താന്‍ അവരുടെ എന്ജിനീയര്മാര്‍ക്ക് മല തടസ്സമായി നിന്ന്. പലരും പാമ്പ്‌ കടി കൊണ്ടും മറ്റു വന്യജീവികളുടെ ആക്രമണത്തിലും കാലപുരിക്ക് എത്തി.

അങ്ങനെ ബ്രിട്ടീഷുകാര്‍ അന്തം വിട്ട് മലയടിവാരത്തില്‍ നില്‍ക്കവേയാണ് എന്നും ഒരു കറുത്തവന്‍ സുഖമായി മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. ഇരുചെവി അറിയാതെ അവര്‍ കരിന്തണ്ടന്‍റെ സഹായം തേടി.

വളരെ വിചിത്രമായ ഒരു രീതിയിലായിരുന്നു, അഥവാ എല്ലാ ബ്രിട്ടീഷ് എന്ജിനീയര്മാരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കരിന്തണ്ടന്‍ എളുപ്പത്തില്‍ കയറാവുന്ന മലമടക്കുകള്‍ മാര്‍ക്ക് ചെയ്തു സായിപ്പിന് നല്‍കിയത്. വളരെ ലളിതമായിരുന്നു കരിന്തണ്ടന്‍ കാഴ്ച വച്ച രീതി.

അയാള്‍ ആടുമാടുകളെ പേടിപ്പിച്ചു ഓടിച്ചു. മൃഗങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റവും ലളിതവും കയറ്റം താരതമ്യേന കുറഞ്ഞതും ആയ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി. ദിവസങ്ങള്‍ക്കുള്ളില്‍ പാത വെട്ടാനുള്ള മാര്‍ക്കിംഗ് വിദ്യാസമ്പന്നരായ എന്ജിനീയര്‍മാരെ ലജ്ജിപ്പിച്ചു കൊണ്ട് കരിന്തണ്ടന്‍ പൂര്‍ത്തിയാക്കി.

അടിവാരത്ത് നിന്നും ലക്കിടിയിലെക്ക് നിസ്സാരമായ സമയം കൊണ്ട് റോഡ്‌ വെട്ടാന്‍ ഒരു കറു കറുത്ത ഇന്ത്യാക്കാരന്‍ മാര്‍ക്ക് ചെയ്തത് ബ്രിട്ടീഷ് എന്ജിനീയര്മാര്‍ക്കും കൂടെ വന്ന ശിങ്കിടികളായ നാടന്‍ കറുത്ത സായിപ്പന്മാര്‍ക്കും വല്ലാത്ത ക്ഷീണമായി. തങ്ങള്‍ പരാജയപ്പെട്ട സ്ഥലത്ത് ഒരു നാടന്‍ ആദിവാസി വളരെ നിസ്സാരമായി വിജയിച്ചത് അവരെ നാണം കെടുത്തി.

കരിന്തണ്ടനാണ് വഴി മാര്‍ക്ക് ചെയ്തതെന്ന് നാളെ പുറം ലോകം അറിയുന്നത് ഒഴിവാക്കാന്‍ അവര്‍ കരിന്തണ്ടനെ വകവരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ നേര്‍ക്ക്‌ നേരെ കരിന്തണ്ടനോട് എട്ട് മുട്ടാന്‍ ധൈര്യമുള്ളവര്‍ ആരും കൂട്ടത്തില്‍ ഇല്ലാതിരുന്നത് കൊണ്ട് കരിന്തണ്ടനെ ചതിയില്‍ വക വരുത്താനുള്ള വഴികള്‍ സായിപ്പന്മാര്‍ ആലോചിച്ചു.

അങ്ങനെ അതിനു മുന്നോടിയായി വൈകുന്നേരം മൃഗങ്ങളെയും കൊണ്ട് കരിന്തണ്ടന്‍ അടിവാരത്തെക്ക് തിരിച്ചു പോകുന്നത് ഒഴിവാക്കാന്‍ കാട്ട് ചോലയില്‍ കുളിക്കാന്‍ ഇറങ്ങിയ സമയം നോക്കി കരിന്തണ്ടന്‍ അഴിച്ചു വച്ച ആചാര വള സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം മോഷ്ടിക്കപ്പെട്ടു. അവര്‍ കണക്ക് കൂട്ടിയത് പോലെ തന്നെ വള ഇല്ലാതെ സമുദായാംഗങ്ങളുടെ മുന്നിലേക്ക് പോകാന്‍ പറ്റാത്ത കരിന്തണ്ടന്‍ നഷ്ടപ്പെട്ട വളയും തിരഞ്ഞുകൊണ്ട്‌ കാട്ടില്‍ തന്നെ രാത്രി കഴിച്ചു.

ഇതിനിടയില്‍ രാത്രിയുടെ മറവു പറ്റി സായിപ്പ എന്ജിനീയരുടെ കള്ള തോക്ക് ആ മിടുക്കന്റെ ജീവന്‍ കവര്‍ന്നു.

പതുക്കെ പതുക്കെ നാട്ടുകാരായ തൊഴിലാളികളില്‍ നിന്നും ജനം സത്യമറിഞ്ഞുവെങ്കിലും പിന്നോക്കക്കാരായ പണിയ വിഭാഗത്തിനു അന്നത്തെക്കാലത്ത് ഒരു ബ്രിട്ടീഷ്കാര്നെതിരെ എന്ത് ചെയ്യാന്‍ കഴിയും...? കടുത്ത ജാതി ചിന്തയും അനാചാരവും കൊടി കുത്തി വാണ കാലമായതു കൊണ്ട് മറ്റു നാട്ടുകാരും കരിന്തണ്ടനു വേണ്ടി സംസാരിച്ചില്ല. അങ്ങനെ പതുക്കെ പതുക്കെ കരിന്തണ്ടന്‍ വിസ്മൃതിയിലാണ്ടു.

മറ്റൊരു നെറികേട് കൂടി പിന്നീട് ഭാരത മക്കള്‍ ആ പുണ്യാത്മാവിനോട് ചെയ്തു. ഇടയ്ക്കിടെ താമരശ്ശേരി ചുരത്തില്‍ ഉണ്ടാകുന്ന കുന്നിടിചിലുകളും വാഹനാപകടങ്ങളും കരിന്തണ്ടന്‍റെ ആത്മാവ് കോപിച്ചതാണ് എന്ന് വ്യാഖ്യാനിച്ച് ലക്കിടിയില്‍ കരിന്തണ്ടന്‍റെ ആത്മാവിനെ ആവാഹിചെന്ന പേരില്‍ ഒരു ചങ്ങലയെ മരത്തില്‍ ബന്ധിച്ചു. വിരോധാഭാസമെന്നു പറയട്ടെ ഈ ചങ്ങലമരം കൂടി ഇല്ലായിരുന്നുവെങ്കില്‍ കരിന്തണ്ടന്‍ പൂര്‍ണ്ണ വിസ്മൃതിയില്‍ ആയി പോവുമായിരുന്നു. ഈ മരം മാത്രമാണിപ്പോള്‍ ഭൂമിയില്‍ കരിന്തണ്ടനു ഉള്ള സ്മാരകം.

മഹാന്മാരെ വിസ്മൃതിയില്‍ ആഴ്ത്തി മോഷ്ടാക്കളെയും അഴിമതിക്കാരെയും ദേശ ദ്രോഹികളെയും മഹാന്മാരാക്കി വാഴ്ത്തുന്ന സമകാലീക ലോകം കരിന്തണ്ടനെ ആദരിക്കും എന്ന് കരുതുക വയ്യ. എന്ന് കരുതി അദ്ദേഹത്തെ ആചാര്യനായി കാണുന്നതിനു അതൊന്നും തടസ്സമാവുന്നും ഇല്ല... നാട്ടറിവുകളുടെ കുലപതിയെ നമിക്കുന്നു.