2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

കണ്ണകി


കണ്ണകി

തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂർത്തയായ കണ്ണകി ശപിച്ച്, മധുര നഗരം ചുട്ടെരിച്ചു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം.

ഇതിഹാ‍സച്ചുരുക്കം

കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.

പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.

കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.

തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.
കണ്ണകിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ

കണ്ണകി അഥവാ കണ്ണകി അമ്മൻ പാതിവൃത്യത്തിന്റെ ദേവതയായി തമിഴ്‌നാട്ടിൽ ആരാധിക്കപ്പെടുന്നു. ഭർത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിനുശേഷവും ഭർത്താവിനോടുള്ള അകമഴിഞ്ഞ ആരാധനയുടെ പേരിൽ കണ്ണകി ആരാധിക്കപ്പെടുന്നു.

പതിനി എന്ന ദേവതയായി സിംഹള പുരോഹിതർ കണ്ണകിയെ ശ്രീലങ്കയിൽ ആരാധിക്കുന്നു. ശ്രീലങ്കൻ തമിഴർ കണ്ണകി അമ്മൻ എന്ന പേരിലും കണ്ണകിയെ ആരാധിക്കുന്നു.

എങ്കിലും സമൂഹത്തിന്റെ ഒരു വിഭാഗം ജനങ്ങൾ കണ്ണകിയുടെ ഭർത്താവിനോടുള്ള വിധേയത്വം അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ ഒരു പ്രതീകമായി കാണുന്നു. തമിഴ്‌നാട്ടിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഭരണകാലത്ത് മദ്രാസിലെ കണ്ണകി പ്രതിമ 2001 ഡിസംബറിൽ നീക്കം ചെയ്തിരുന്നു. ജൂൺ 3, 2006-ൽ കരുണാനിധി ഈ പ്രതിമ പുന:സ്ഥാപിച്ചു

ശബരി

തപസ്വിനിയായ ശബരി 

ആരണ്യകാണ്ഡത്തില്‍ അല്പനേരം മാത്രമേ സാന്നിധ്യം ഉള്ളൂവെങ്കിലും അതിനുള്ളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ച് വായനക്കാരന്റെ മനസ്സില്‍ ഇടംനേടുന്ന കഥാപാത്രമാണ് ശബരി. നിഷ്‌കളങ്കവും ദൃഢവുമായ വിഷ്ണുഭക്തിയാണ് ശബരി എന്ന കാട്ടാള സ്ത്രീയെ അവിസ്മരണീയയാക്കുന്നത്. ഗന്ധര്‍വനായിരുന്ന കബന്ധന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഘോരവനത്തിനകത്തുള്ള ശബരി ആശ്രമത്തില്‍ ശ്രീരാമലക്ഷ്മണന്മാര്‍ എത്തിച്ചേരുന്നത്. ശബരി ആശ്രമം സ്ഥിതിചെയ്യുന്ന സ്ഥലമായിരുന്നിരിക്കണം ശബരിമല എന്ന് ഊഹിക്കപ്പെടുന്നു. അടുത്തുതന്നെയുള്ള പമ്പാനദിയെക്കുറിച്ചും പരാമര്‍ശമുണ്ടല്ലോ. മറ്റു രാമായണങ്ങളിലുള്ളപോലെ ശബരിയുടെ മാലിനി എന്ന ഗന്ധര്‍വ ജന്മത്തെക്കുറിച്ചൊന്നും എഴുത്തച്ഛന്‍ സൂചിപ്പിക്കുന്നില്ല. വളരെ കൈയൊതുക്കത്തോടെ, ഔചിത്യത്തോടെയാണ് ശബരിയെ ആചാര്യന്‍ അവതരിപ്പിക്കുന്നത്. ''പാദ്യാര്‍ഗ്ഘ്യാസനാദികളാലേ പൂജിച്ചുതന്‍ പാദതീര്‍ഥാഭിഷേകവും ചെയ്ത്, ഭോജനത്തിന് ഫലമൂലാദികള്‍ നല്‍കി''യാണ് എഴുത്തച്ഛന്റെ ശബരി രാമലക്ഷ്മണന്മാരെ സ്വീകരിക്കുന്നത്. തന്റെ ഗുരുഭൂതന്മാരായ മതംഗാദി മുനിമാര്‍ ആയിരത്താണ്ട് വിഷ്ണുവിനെ പൂജിച്ചിട്ടും അവര്‍ക്കാര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യമാണ് തനിക്ക് കൈവന്നതെന്ന് ശബരി ആഹ്ലാദിക്കുന്നു.

''ജ്ഞാനമില്ലാത്ത ഹീനജാതിയിലുള്ള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലല്ലോ''

എന്ന് ശബരി വിനയാന്വിതയാകുന്നുണ്ട്. ശ്രീരാമനില്‍ നിന്ന് നേരിട്ട് മുക്തിക്കുള്ള ഉപദേശം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ചവളാണ് ശബരി. ''പുരുഷ സ്ത്രീ ജാതിനാമാദികളല്ല'' ദൃഢമായ ഭക്തിയാണ് മുക്തിക്ക് കാരണമെന്ന് രാമന്‍ അവളോട് പറയുന്നു. സജ്ജനസംഗം, വിഷ്ണു കഥാലാപനം, ഗുണകീര്‍ത്തനം, വചോവ്യാഖ്യാനം, ആചാര്യ ഉപാസന, പുണ്യശീലത്വം, യമനീയമാദികളോടെ മുടങ്ങാത്ത പൂജ, തത്ത്വവിചാരം, വിഷയവൈരാഗ്യം എന്നിങ്ങനെ ഒമ്പത് വിധത്തിലുള്ള ഭക്തിസാധനകളെക്കുറിച്ചും രാമന്‍ ശബരിക്ക് വിശദീകരിക്കുന്നു. അതിനുശേഷം സീതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശബരിയോട് ചോദിച്ചറിയുന്നു. ദിവ്യദൃഷ്ടിയുള്ളവളാണ് ശബരി. സീതാദേവി ലങ്കാപുരിയില്‍ ഉണ്ടെന്നും അടുത്തുതന്നെയുള്ള പമ്പാസരസ്സിന്റെ മുന്‍ഭാഗത്തുള്ള ഋഷിമൂക പര്‍വതത്തില്‍ സുഗ്രീവന്‍ ബാലിയെ പേടിച്ച് വസിക്കുന്നുണ്ടെന്നും സുഗ്രീവനോട് സഖ്യംചെയ്താല്‍ സീതയെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ശബരി രാമനെ അറിയിക്കുന്നു. തുടര്‍ന്ന് രാമപാദം ചേരാന്‍ അഗ്‌നിപ്രവേശം ചെയ്യുകയാണ് ശബരി. ''താഴ്ന്നവളായാലും ഭക്തവത്സലനായ രാമന്‍ പ്രസാദിച്ചാല്‍ മോക്ഷം കിട്ടും എന്ന് എഴുത്തച്ഛന്‍ ശബരിയുടെ അനുഭവത്തെ മുന്‍നിര്‍ത്തി പ്രസ്താവിക്കുന്നുണ്ട്. കാട്ടാളസ്ത്രീ ആണെങ്കിലും ഭക്തികൊണ്ടും ഔചിത്യംകൊണ്ടും വിനയംകൊണ്ടും ദേവശോഭയോടെ വിളങ്ങുന്ന കഥാപാത്രമാണ് ശബരി.